അറ്റകുറ്റപ്പണികൾ അതിവേഗം മുന്നേറുന്നു; കൊച്ചി വിമാനത്താവളം തുറക്കുന്നത് 29ന്

കൊച്ചി∙ പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയർപോർട്ട് അധികൃതർ (സിയാൽ) അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ അവലോകന യോഗത്തിൽ ജീവനക്കാരിൽ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാൽ പ്രവർത്തനങ്ങൾ പൂർണതോതിൽ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികളും അറിയിച്ചു. പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികൾക്കു ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവർത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാൻ തീരുമാനിച്ചത്. 

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെർമിനലുകൾക്കുള്ളിൽ ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചു ടെർമിനൽ കെട്ടിടത്തിൽ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ ഇലക്ട്രോണിക് സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും താൽക്കാലിക മതിൽ നിർമാണവും ഇതോടൊപ്പം നടക്കുന്നു. ചെക് ഇൻ സംവിധാനങ്ങൾ, റൺവേ ലൈറ്റുകൾ, കൺവെയർ ബെൽറ്റുകൾ, എക്സ്റേ മെഷീനുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. 29ന് ഉച്ചയ്ക്കു രണ്ടു മണിയോടെ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ. 

അധിക സർവീസുമായി ജെറ്റ് എയർവേസ്

പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ജെറ്റ് എയർവേസ് അധിക സർവീസ് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കും അവിടെ നിന്നും നേരിട്ടു നടത്തുന്ന ഫ്ലൈറ്റുകളിലെ ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ് നിരക്ക് ഈ മാസം 31 വരെ നിയന്ത്രിക്കും. 

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജെറ്റ് എയർവേസ് സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതുവരെ മൂന്നു ടൺ മരുന്നുകളും മറ്റ് ഉൽപന്നങ്ങളും എത്തിച്ചു. കേരളത്തിലേക്കു കൊണ്ടുവരുന്ന ചരക്കുകളുടെ കൂലിയും ഇളവു ചെയ്തിട്ടുണ്ട്. 26 വരെ കൊച്ചിയിലേക്കും പുറത്തേക്കും കൺഫേം ചെയ്തിട്ടുള്ള ടിക്കറ്റുകൾ മാറ്റുന്നതിനു ഫീസ് ഈടാക്കില്ല. റീഫണ്ടിനും പിഴ ഈടാക്കില്ല. നേരത്തേ യാത്രയ്ക്കു നിശ്ചയിച്ചിട്ടുള്ള തീയതി മാറ്റിയെടുക്കാൻ സെപ്റ്റംബർ 15 വരെ സമയമുണ്ടാകും.

സൗജന്യ യാത്ര

എയർ വിസ്താര ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിലേക്കു പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കു സൗജന്യ യാത്ര ഒരുക്കും. keralarelief@airvistara.com എന്ന ഇ–മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.

കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്നു നാളത്തെ സർവീസുകൾ

എയർ ഇന്ത്യ 

∙ ബെംഗളൂരു–കൊച്ചി (7.30,11.40) 

∙ കൊച്ചി–ബെംഗളൂരു (9.40, 1.50)

∙ ചെന്നൈ–തിരുച്ചി (9.20) 

∙ തിരുച്ചി–കൊച്ചി (10.45)

∙ കൊച്ചി–ചെന്നൈ (12.45) 

∙ ഹൈദരാബാദ്–കൊച്ചി (രാവിലെ 5.35)

∙ കൊച്ചി–ഹൈദരാബാദ് (8.45)

∙ ബെംഗളൂരു–കോയമ്പത്തൂർ (2.10) 

∙ കോയമ്പത്തൂർ–കൊച്ചി (3.40)

∙ കൊച്ചി–കോയമ്പത്തൂർ (വൈകിട്ട് 5.15)

∙ കോയമ്പത്തൂർ–കൊച്ചി (6.30) 

ഇൻഡിഗോ

∙ ബെംഗളൂരു–കൊച്ചി (5.00,9.35)

∙ കൊച്ചി–ബെംഗളൂരു (7.20)

∙ കൊച്ചി–ചെന്നൈ (12.15, 4.15)

∙ ചെന്നൈ–കൊച്ചി (1.55).