പ്രളയത്തിനു കാരണം ഡാമുകൾ യഥാസമയം തുറന്നുവിടാത്തത്: ഇ.ശ്രീധരൻ

പൊന്നാനി ∙ ഡാമുകൾ യഥാസമയം തുറന്നുവിടാതെ ജലം സംഭരിച്ചുനിർത്തിയതാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്നും കാലാവസ്ഥ പ്രവചനത്തിൽ വന്ന വീഴ്ചമൂലമാണ് ഇതുസംഭവിച്ചതെന്നും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. 12,000 ലക്ഷം കോടി രൂപ ആസ്തിയുള്ള രാജ്യമായ ഇന്ത്യ പ്രളയക്കെടുതികൾ നേരിടാൻ വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല. കേരളത്തിന് ആവശ്യമായ എല്ലാ സഹായവും നൽകാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള സഹായത്തിന്റെ ആവശ്യമില്ല. 

പ്രളയക്കെടുതികളിൽനിന്ന് നാടിനെ മോചിപ്പിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളൊന്നും വിശ്വസനീയമല്ലാതായി. പുതിയ കേരളം പടുത്തുയർത്താൻ പൂർണാധികാരമുള്ള സമിതിയെ നിയോഗിക്കണം. ഓരോ വകുപ്പിനും സ്വതന്ത്ര ചുമതല നൽകണം. വികസന പദ്ധതികൾക്ക് ധനകാര്യ വകുപ്പിന്റെയും മറ്റും അനുമതിക്ക് കാത്തുനിൽക്കേണ്ട ഗതി വരരുതെന്നും അദ്ദേഹം പറഞ്ഞു.