ന്യൂഡൽഹി∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിക്കും അതിന്റെ വസ്തുവകകൾക്കുംമേൽ കൊല്ലം ഭദ്രാസനാധിപനല്ല, ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. നേരത്തെ മൂന്നു കേസുകളിൽ സുപ്രീം കോടതി നൽകിയ വിധികൾക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, ആർ.ഭാനുമതി, നവീൻ സിൻഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ ഓർത്തഡോക്സ് സഭ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് ശരിവച്ചു. തർക്കവിഷയം ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും അതിനാൽ അഞ്ചംഗ ബെഞ്ചിനു വിടണമെന്നുമുള്ള യാക്കോബായ സഭയുടെ ആവശ്യവും കോടതി നിരസിച്ചു. ഈ ആവശ്യം കഴിഞ്ഞ വർഷം കെ.സി.വർഗീസിന്റെ കേസിൽ പരിഗണിച്ചു നിരസിച്ചതാണ്; 1934ലെ സഭാ ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ 25, 26 വകുപ്പുകൾക്കു വിരുദ്ധമല്ലെന്ന് കോടതി വിശദീകരിച്ചു.
ജസ്റ്റിസ് ആർ.ഭാനുമതി എഴുതിയ വിധിന്യായത്തിൽ പറയുന്ന മറ്റു കാര്യങ്ങൾ ഇങ്ങനെ:
∙1959ലെയും 1995ലെയും 2017ലെയും വിധികളിൽ സുപ്രീം കോടതി ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് – 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണ് ഇടവകപ്പള്ളി ഭരിക്കേണ്ടത്. പാത്രിയർക്കീസിന്റെ ആത്മീയാധികാരത്തിന്റെ മറവിൽ ബദൽ ഭരണ സംവിധാനം പാടില്ല. ഭൗതികവും പൗരോഹിത്യപരവും ആത്മീയവുമായ ഭരണാധികാരം മലങ്കര മെത്രാപ്പൊലീത്തയിലും അദ്ദേഹം നിയമിക്കുന്നവരിലും നിക്ഷിപ്തമാണ്.
∙കട്ടച്ചിറ പള്ളിയും അതിന്റെ വസ്തുവകകളും മലങ്കര മെത്രാപ്പൊലീത്തയ്ക്ക് ഇഷ്ടദാനമായി നൽകിയിട്ടുള്ളതെന്നും ഭദ്രാസനത്തിന്റേതായി കണക്കാക്കേണ്ടതെന്നും പ്രമാണത്തിൽ വ്യക്തമാണ്. വികാരിയുടെയും വൈദികരുടെയും നിയമനം മെത്രാപ്പൊലീത്തയുടെ നിയന്ത്രണത്തിലാണ്. പള്ളിയും വസ്തുവകകളും അദ്ദേഹത്തിന്റെ ആത്മീയ, ഭൗതിക നിയന്ത്രണത്തിനു കീഴിലാണ്.
∙1959ലെയും 1995ലെയും വിധികളനുസരിച്ച്, 1934ലെ ഭരണഘടനയും മെത്രാപ്പൊലീത്തയുടെ നിയന്ത്രണവും കട്ടച്ചിറ പള്ളിക്കും ബാധകമാണ്. ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി വിധി സഭാ ഭരണഘടനയുടെ വ്യവസ്ഥകൾക്കും 1995ലെ വിധിക്കും വിരുദ്ധമാണ്.
∙1979ൽ പരിഗണിച്ച കേസിലുൾപ്പെട്ട 1064 പള്ളികളുടെ പട്ടികയിൽ 41–ാമത്തേത് കട്ടച്ചിറ പള്ളിയാണ്. 1934ലെ ഭരണഘടന പ്രാബല്യത്തിലാണ്. അത് കട്ടച്ചിറ പള്ളിയും അംഗീകരിച്ചതാണ്. ഈ ഭരണഘടന നിരാകരിക്കുകയെന്നത് സ്വീകാര്യമല്ല. വികാരിയെ നിയമിക്കാൻ മെത്രാപ്പൊലീത്തയ്ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിലപാട് സഭാ ഭരണഘടനയ്ക്കു വിരുദ്ധമാണ്.