പ്രളയശേഷം ജലനിരപ്പു ക്രമാതീതമായി താഴുന്നത് പഠിക്കും

ഇനി വരുന്നത് വരൾച്ച? പ്രളയത്തിനു ശേഷം ഏഴു മീറ്ററോളം പെരിയാറിൽ ജലനിരപ്പു താഴ്ന്ന നിലയിൽ. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞു. പച്ചപ്പ് തുടച്ചു നീക്കപ്പെട്ടു. ആ സ്ഥാനത്തു വിണ്ടുകീറിയ കട്ടച്ചെളി നിറഞ്ഞിരിക്കുന്നതു കാണാം. ഇതു മൂലം ശുദ്ധജല‌ ഉൽപാദനം 20 ശതമാനം കുറഞ്ഞു. ജലനിരപ്പു കൂടുതൽ താഴ്ന്നാൽ പമ്പിങ് തടസ്സപ്പെടും. കടുത്ത ജലക്ഷാമത്തെ നേരിടാനുള്ള തയാറെടുപ്പുകൾ വേണ്ടിവരുമെന്നാണ് ജല അതോറിറ്റി ജില്ലാ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകിയിട്ടുള്ളത്.

ആലപ്പുഴ∙ പ്രളയബാധിത പ്രദേശങ്ങളിൽ ഭൂജലനിരപ്പു ക്രമാതീതമായി താഴുന്നതു സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സിഡബ്ല്യുആർഡിഎം) പഠിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിലും വേമ്പനാട്ടു കായലിലും ഉൾപ്പെടെ ജലാശയങ്ങളിലെ ജലനിരപ്പു താഴുന്ന സാഹചര്യത്തിലാണിത്.

പെരുമഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരൾച്ചയ്ക്കു കാരണമെന്നാണു നിഗമനം. പുഴകളിലെ ശക്തമായ ഒഴുക്കുമൂലം ജലനിർഗമന മാർഗങ്ങൾ തുറക്കുകയും വെള്ളം പെട്ടെന്നു കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്തു. പലയിടങ്ങളിലും പൊഴി മുറിക്കുകയും ചെയ്തിരുന്നു.

വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്നാണു പരിശോധിക്കുന്നത്. നദികളിലെ മണലെടുപ്പു വർധിച്ചതും വെള്ളം സംഭരിച്ചുനിർത്തുന്നതിനെ ബാധിച്ചുവെന്നു വിലയിരുത്തലുണ്ട്. പല പ്രദേശങ്ങളിലും കിണർജലം താഴുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.