കോട്ടയം ∙ അശാസ്ത്രീയമായി ചേർത്ത് ഉൽപാദിപ്പിച്ചവയെന്നു കണ്ടെത്തിയ 328 മരുന്നു സംയുക്തങ്ങൾ (ഫിക്സഡ് ഡോസ് കോംബിനേഷൻ) ആരോഗ്യമന്ത്രാലയം നിരോധിച്ചതോടെ കേരള വിപണിയിൽനിന്ന് ഇല്ലാതാകുന്നത് മൂവായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ.
രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങൾ പ്രത്യേക അളവിൽ ചേർത്തു തയാറാക്കുന്നവയാണു ഫിക്സഡ് ഡോസ് കോംബിനേഷൻ. വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന 800 ബ്രാൻഡുകൾ ഉൾപ്പെടെ നിരോധിച്ച മരുന്നുകൾ നശിപ്പിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടതായി സംസ്ഥാന ഡ്രഗ് കൺട്രോളർ രവി മേനോൻ പറഞ്ഞു. ചുമയ്ക്കുള്ള അലക്സ് സിറപ്പ്, അസ്കോറിൽ ഡി, കോറക്സ് സിറപ്പ്, ആന്റിബയോട്ടിക്കുകളായ അസിത്രാൾ എ ടാബ്, ബ്ലൂമോക്സ് ഡിഎക്സ്എൽ ക്യാപ്സൂൾ, വേദനസംഹാരി ഡൈക്ലോറാൻ എ ഇൻജക്‌ഷൻ, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ് പി എന്നിവ നിരോധിച്ചവയിൽപെടും.