കൊച്ചി ∙ പറവൂർ ചേന്ദമംഗലം കൊടിയൻ വീട്ടിൽ ഏലിക്കുട്ടിയെ (86) കൊലപ്പെടുത്തിയ കേസിൽ റിപ്പർ ജയാനന്ദനു കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ 20 വർഷം പരോളില്ലാത്ത തടവുശിക്ഷ ഉറപ്പാക്കണമെന്ന വ്യവസ്ഥ കോടതി ഒഴിവാക്കി. അങ്ങനെ നിർദേശിക്കാൻ വിചാരണക്കോടതിക്കു സാധ്യമല്ലെന്നു വിലയിരുത്തിയാണു നടപടി.
കവർച്ചയ്‌ക്കു വേണ്ടി ഇരകളുടെ തലയ്‌ക്കു വെട്ടുന്ന റിപ്പർ ജയാനന്ദൻ ഏലിക്കുട്ടിയെ വലിയ ചട്ടുകം കൊണ്ടു തലയ്‌ക്കു വെട്ടിയെന്നാണു കേസ്. രണ്ടു വളകളും മോതിരവും അടക്കം മൂന്നര പവൻ കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു സംഭവം. 2005 മേയ് അഞ്ചിലെ ആക്രമണത്തിന്റെ ഫലമായി ഏലിക്കുട്ടി മേയ് 18നു മരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസിൽ 2011 ഡിസംബർ 23ന് എറണാകുളം അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷാ ഉത്തരവാണ് അപ്പീലിൽ കലാശിച്ചത്.