കെഎസ്ആർടിസി റിസർവേഷൻ കൗണ്ടർ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറുന്നു. സംസ്ഥാനത്തെ 18 ഡിപ്പോകളുടെയും മൈസൂരു, ബെംഗളൂരു, കോയമ്പത്തൂർ കൗണ്ടറുകളുടെയും ടിക്കറ്റ്, കൂപ്പൺ വിൽപനയാണു കുടുംബശ്രീ വഴിയാക്കുന്നത്. ടിക്കറ്റിന്റെ 3.9 ശതമാനവും കൂപ്പണിന്റെ 4 ശതമാനവുമാണു കുടുംബശ്രീക്കുള്ള കമ്മിഷൻ.
ഡിപ്പോകളിൽ റിസർവേഷൻ കൗണ്ടറിനുള്ള സ്ഥലവും വൈദ്യുതിയും മാത്രം കെഎസ്ആർടിസി ഒരുക്കിയാൽ മതി. കംപ്യൂട്ടർ, പ്രിന്റർ, ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി കൗണ്ടർ ഒരുക്കേണ്ടതു കുടുംബശ്രീയാണ്. 69 ജീവനക്കാർ വേണ്ടിവരും. ഒക്ടോബറിൽ കൗണ്ടറുകൾ തുറക്കാനാണു തീരുമാനം.
കെഎസ്ആർടിസി കന്റീൻ, ശുചിമുറികൾ എന്നിവയുടെ പ്രവർത്തനവും ഭാവിയിൽ കുടുംബശ്രീ ഏറ്റെടുത്തേക്കും. ബസ് കഴുകാൻ കുടുംബശ്രീക്കാരെ നിയോഗിക്കാനുള്ള സന്നദ്ധതയും കെഎസ്ആർടിസിയെ അറിയിച്ചിട്ടുണ്ട്.
∙ എസ്.ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ: രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും റിസർവേഷൻ കൗണ്ടറുകൾ തുറക്കും. കേരളത്തിനു പുറത്തുള്ള ഡിപ്പോകളിലേക്കുള്ള കുടുംബശ്രീക്കാരെ വയനാട്, പാലക്കാട് ജില്ലകളിൽ നിന്നാണു തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ മൂന്നു ഡിപ്പോകളിൽ 24 മണിക്കൂറും റിസർവേഷൻ സൗകര്യം ലഭ്യമാക്കും.