കൊച്ചി ∙ എറണാകുളം എംജി റോഡിലെ പാഴ്സൽ കേന്ദ്രം വഴി 200 കോടി രൂപയുടെ 30 കിലോഗ്രാം രാസലഹരി മരുന്നു കടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേർ സംസ്ഥാനം വിട്ടതായി വിവരം. ഇതിൽ ഒരാൾ കൊച്ചിക്കാരനാണെന്നു വ്യക്തമായിട്ടുണ്ട്. പാഴ്സൽ കേന്ദ്രത്തിൽ ലഹരി അടങ്ങുന്ന പെട്ടികൾ എത്തിച്ചവരാണ് ഇരുവരും. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവർക്കു പിന്നിൽ കൊച്ചി കേന്ദ്രീകരിച്ച് വിദേശത്തേക്കു ലഹരിമരുന്നു കടത്തുന്ന വൻ സംഘമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വിലയേറിയ ഈ ലഹരിമരുന്ന് ഇന്ത്യയിലേക്കെത്തിയത് ചൈനയിൽ നിന്നാണെന്നാണ് വിവരം. ശ്രീലങ്കയിലേക്കും അവിടെ നിന്ന് മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും എത്തിക്കാനായിരുന്നു പദ്ധതി. വൻകിട ലഹരി പാർട്ടികളിൽ ഉപയോഗിക്കുന്ന എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമൈൻ) ആണ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. എട്ടു പാഴ്സൽ പെട്ടികളിലായാണു രണ്ടുപേർ ലഹരി മരുന്ന് പാഴ്സൽ കേന്ദ്രത്തിലെത്തിച്ചത്.
വിമാനത്താവളങ്ങളിലെ സ്കാനറുകളിൽ പതിയാതിരിക്കാൻ പ്രത്യേകതരം കാർബൺ പേപ്പറിൽ പൊതിഞ്ഞ് തുണികൾക്കിടയിൽ തിരുകിയാണ് 64 പാക്കറ്റ് ലഹരി മരുന്ന് പെട്ടികളിൽ ക്രമീകരിച്ചിരുന്നത്. പെട്ടികൾ എത്തിക്കുമ്പോൾ അതിൽ വിലാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പെട്ടികൾ കൊണ്ടുവച്ചവർ തങ്ങൾ ഉടൻ വരാമെന്നു പറഞ്ഞു പോയതിൽ സംശയം തോന്നിയ പാഴ്സൽ കേന്ദ്രത്തിലെ ജീവനക്കാർ എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
എക്സൈസ് സംഘം എത്തുമ്പോഴും പെട്ടി കൊണ്ടുവന്നവർ സ്ഥാപനത്തിന്റെ പരിസരത്ത് ഉണ്ടായിരുന്നതായും ലഹരിമരുന്ന് പിടികൂടിയപ്പോൾ കടന്നു കളഞ്ഞതായുമാണ് സൂചന. ലോകവ്യാപകമായി നിരോധിച്ചിട്ടുള്ള ലഹരിമരുന്നാണ് എംഡിഎംഎ. ഇന്നു ജില്ലാ കോടതിയിൽ ഹാജരാക്കും. കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുന്നതു കോടതി മുഖേനയാവും.