കൊച്ചി ∙ എറണാകുളം എംജി റോഡിലെ പാഴ്സൽ കേന്ദ്രം വഴി കടത്താൻ ശ്രമിച്ച 200 കോടി രൂപ വില വരുന്ന 30 കിലോഗ്രാം രാസ ലഹരിമരുന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമൈൻ) എന്ന ലഹരി വസ്തുവാണു പിടികൂടിയത്. വിമാനത്താവളത്തിലെ സ്കാനറുകളിൽ പതിയാതിരിക്കാൻ പ്രത്യേക തരം കാർബൺ പേപ്പറിൽ പൊതിഞ്ഞു തുണികൾക്കിടയിൽ തിരുകി എട്ടു വലിയ പാഴ്സൽ പെട്ടികളിലാണു ലഹരിമരുന്നു സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ 64 പൊതികൾ കണ്ടെത്തി.
എക്സൈസിന്റെ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു പിടികൂടലാണിത്. പാഴ്സൽ കേന്ദ്രത്തിലുണ്ടായിരുന്ന ചിലർക്കു സംശയം തോന്നി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു വിദേശത്തേക്കു ലഹരി മരുന്നു കടത്തുന്ന വൻസംഘമാണ് ഇതിനു പിന്നിൽ. പിടികൂടിയ എംഡിഎംഎ മലേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു കടത്താൻ കൊണ്ടുവന്നതാണെന്നു സംശയിക്കുന്നു. ലോകവ്യാപകമായി നിരോധനമുള്ള എംഡിഎംഎയ്ക്കു കേരളത്തിലും ആവശ്യക്കാരുണ്ട്. വർധിത വീര്യമുള്ള വിലകൂടിയ ലഹരി വസ്തുവാണിത്.
കടത്തിന്റെ പിന്നിൽ പ്രവർത്തിച്ചതായി കരുതുന്ന രണ്ടു കൊച്ചി സ്വദേശികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പാഴ്സൽ കേന്ദ്രത്തിന്റെ സമീപമുണ്ടായിരുന്ന ഇവർ എക്സൈസ് സംഘത്തെ കണ്ടു കടന്നുകളഞ്ഞതായി സംശയിക്കുന്നു. സമീപത്തെ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിക്കും.