വിദേശത്തേക്ക് ലഹരികടത്ത്: മുഖ്യപ്രതി അറസ്റ്റിൽ

പ്രശാന്ത്കുമാർ

കൊച്ചി ∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 200 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായ പ്രശാന്ത് കുമാറിനെ (35) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രധാന പ്രതിയും ചെന്നൈ സ്വദേശിയുമായ അലി പിടിയിലാകാനുണ്ടെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു.

എംജി റോഡിലെ കുറിയർ കേന്ദ്രത്തിൽ നിന്നു കഴിഞ്ഞമാസം 29നാണ് ‘എക്റ്റസി’ എന്ന വിളിപ്പേരുള്ള ‘മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ’ (എംഡിഎംഎ) 30 കിലോഗ്രാം പിടികൂടിയത്. വിലകുറഞ്ഞ സാരികൾ എന്ന വ്യാജേന എട്ടു പാർസലുകൾ ചെന്നൈ എഗ്‌മോറിൽ നിന്നാണ് അലിയുടെ പേരിൽ 28നു കൊച്ചി രവിപുരത്തെ ട്രാവൽ ആൻഡ് കുറിയർ ഏജൻസിയിലെത്തിയത്. അലി ഇവ ഏറ്റുവാങ്ങിയ ശേഷം എംജി റോഡിലെ കുറിയർ ഏജൻസിയിലെത്തിക്കുകയായിരുന്നു. ഇവ എയർ കാർഗോ ആയി മലേഷ്യയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് അറിയിച്ചു. മലേഷ്യയിലെ മേൽവിലാസം നൽകാതിരുന്നതും ഫീസ് അടയ്ക്കാതിരുന്നതും കുറിയർ കമ്പനി ജീവനക്കാരിൽ സംശയം‌ ജനിപ്പിച്ചു. ചെന്നൈയിൽ നിന്നു നേരിട്ട് അയയ്ക്കാമെന്നിരിക്കെ, സാരികൾ എന്തിനു കൊച്ചിയിലെത്തിച്ചു എന്നതും സംശയത്തിനിടയാക്കി. 

‌ചെന്നൈയിൽ നിന്നു കൊച്ചി വഴി മലേഷ്യയിലേക്ക് മുൻപ് ഒരു തവണ ലഹരിമരുന്നു കടത്തിയിട്ടുണ്ടെന്നു പ്രശാന്ത്കുമാർ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു ലഹരികടത്തിനു പിറകിൽ പ്രശാന്ത്കുമാറും അലിയുമാണെന്നു വ്യക്തമായത്. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ശ്രീരാജ്, പ്രിവന്റീവ് ഓഫിസർ സത്യനാരായണൻ എന്നിവർ ചെന്നൈയിലെത്തി തമിഴ്നാട് പൊലീസിന്റെ ആന്റി നർക്കോട്ടിക്സ് വിഭാഗത്തിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

മലേഷ്യയിലേക്ക്  ലഹരി കടത്തി

കൊച്ചി ∙ പിടിയിലായ പ്രശാന്ത്കുമാർ കഴിഞ്ഞ ഓഗസ്റ്റിൽ അലിയുടെ സഹായത്തോടെ മലേഷ്യയിലേക്ക് എംഡിഎംഎ കടത്തിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ. എന്നാൽ അളവ് എത്രയെന്ന് അറിയില്ലെന്നാണു പ്രശാന്ത്കുമാർ പറഞ്ഞതെന്നും എക്സൈസ് അറിയിച്ചു. ചുരിദാർ എന്ന പേരിൽ, സമാനമായ രീതിയിൽ കുറിയർ വഴിയാണു ലഹരിമരുന്നു കൊച്ചിയിലെത്തിച്ചതും മലേഷ്യയിലേക്ക് അയച്ചതും. എംജി റോഡിലെ ഇതേ കുറിയർ ഏജൻസിയിലാണ് ഇരുവരും ഇത്തവണയും ലഹരിമരുന്നിന്റെ പാർസലുമായെത്തിയത്. ഇരുവരും താമസിച്ചതും അന്നു താമസിച്ച അതേ ലോഡ്ജിൽ തന്നെയാണ്. 

എന്നാൽ കുറിയർ ജീവനക്കാരുടെ സംശയം ഇത്തവണ തടസ്സമായി. പാർസൽ എക്സൈസ് പിടികൂടിയതോടെ ഇരുവരും കൊച്ചിയിൽ നിന്നു മുങ്ങി. പ്രശാന്ത്കുമാർ കണ്ണൂർ സ്വദേശിയാണെങ്കിലും വളർന്നതും പഠിച്ചതും വിവാഹം കഴിച്ചതും താമസിക്കുന്നതുമൊക്കെ ചെന്നൈയിലാണ്. സുബൈർ എന്ന സഹപാഠിയാണ് പ്രശാന്ത്കുമാറിനെ അലിക്കു പരിചയപ്പെടുത്തിയത്. 

ഒരു ലക്ഷം പാരിതോഷികം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയ്ക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും പ്രതികളെ പിടികൂടിയ സംഘത്തിനും ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അറിയിച്ചു. ലഹരിക്കെതിരെ എക്സൈസ് വകുപ്പിന്റെ മൺസൂൺ മാരത്തൺ നവംബർ 4നു നടക്കും. ചെലവു ചുരുക്കിയാണു നടത്തുക.

ഇക്കൊല്ലം പിടികൂടിയത് 1217 കിലോഗ്രാം കഞ്ചാവ് 

എക്സൈസ് ഇക്കൊല്ലം സെപ്റ്റംബർ 30 വരെ പിടികൂടിയത് 1216 കിലോഗ്രാം കഞ്ചാവ്, 60.03 കിലോഗ്രാം ഹഷീഷ് ഓയിൽ, 31.01 കിലോഗ്രാം എംഡിഎംഎ, 30 ഗ്രാം ഹെറോയിൻ. ആലപ്പുഴയിലെ പാർസൽ സർവീസ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 850 ഗ്രാം എംഡിഎംഎയും പത്തനംതിട്ടയിൽ 270 ലഹരി ആംപ്യൂളുകളും 3000 ലഹരി ഗുളികകളും കണ്ടെത്തി. ശനിയാഴ്ച ആലപ്പുഴയിൽ നിന്ന് 60,000 ലഹരി ആംപ്യൂളുകളും പിടികൂടി. ക്രമക്കേട് കണ്ടെത്തിയ 27 മെഡിക്കൽ ഷോപ്പുകൾ അടപ്പിച്ചു. 

കമ്മിഷണർക്ക് തട്ടിപ്പുമരുന്ന്

ഓൺലൈനിൽ ലഹരിമരുന്നിന് ഓർഡർ ചെയ്തു പ്രതിയെ പിടികൂടാനിറങ്ങിയ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിനു കിട്ടിയതു തട്ടിപ്പു ലഹരിമരുന്ന്. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം വിൽക്കാൻ അനുമതിയുള്ള മരുന്ന് ഓൺലൈനിൽ കുറിപ്പടിയില്ലാതെ ലഭിക്കുമെന്നറിഞ്ഞാണ് കമ്മിഷണർ സ്റ്റിങ് ഓപറേഷനു മുതിർന്നത്. ‘ലഹരിമരുന്ന്’ സമയത്തു തന്നെ ലഭിച്ചെങ്കിലും ലാബിൽ നടത്തിയ പരിശോധനയിൽ അതു വെറും പൊടി മാത്രമാണെന്നു വ്യക്തമായി. ഋഷിരാജ് സിങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തോപ്പുംപടിയിൽ മരുന്നു വ്യാപാരി നിരോധിക്കപ്പെട്ട മരുന്ന് അന്യസംസ്ഥാനത്തു നിന്നെത്തിച്ച് ചെറിയ വിലയ്ക്ക് വഴിയരികിൽ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.