എംഡിഎംഎ: ആദ്യ കടത്തുശ്രമം കൊൽക്കത്തയിൽ നിന്ന്

കൊച്ചി∙ 200 കോടി രൂപയുടെ എംഡിഎംഎ (മെത്തിലിൻ ഡയോക്സി മെതാംഫിറ്റമിൻ) ലഹരിമരുന്നു കടത്തുകേസിലെ പ്രതികളായ അലിയും പ്രശാന്ത്കുമാറും ആദ്യം ശ്രമിച്ചതു കൊൽക്കത്ത വഴിയുള്ള കടത്തിന്. മലേഷ്യയിലേക്ക് എംഡിഎംഎ അയയ്ക്കാനായി ജൂലൈയിൽ ഇരുവരും കൊൽക്കത്തയിൽ ആഴ്ചകളോളം തങ്ങിയിരുന്നെന്നും കേസ് അന്വേഷിക്കുന്ന സംഘത്തിനു വിവരം ലഭിച്ചു. കൊൽക്കത്തയിലെ ഉദ്യമത്തിനു 15,000 രൂപയാണ് ചെന്നൈ സ്വദേശിയായ അലി തനിക്കു നൽകിയതെന്നു പ്രശാന്ത്കുമാർ മൊഴി നൽകിയിട്ടുണ്ട്.

കൊൽക്കത്ത വഴിയുള്ള നീക്കം പാളിയതോടെയാണു കേരളത്തിലെത്തിയത്. ആദ്യം തൃശൂരിലാണ് ഇരുവരും ശ്രമം നടത്തിയത്. വിദേശത്തേക്കു 30 കിലോയുടെ പാർസൽ അയയ്ക്കുന്നതിലെ നൂലാമാലകൾ കാരണം തൃശൂരിലും ശ്രമം വിജയിച്ചില്ല. പിന്നീടാണ് ഇരുവരും ഓഗസ്റ്റിൽ കൊച്ചിയിലെത്തിയതും മലേഷ്യയിലേക്ക് ഒരു തവണ എംഡിഎംഎ അയച്ചതും. ഇത് 30 കിലോയോളം വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പഴയ ചുരിദാറെന്ന പേരിൽ, പ്രശാന്ത്കുമാറിന്റെ പാസ്പോർട്ട് വിവരങ്ങൾ വച്ചാണു പാർസൽ അയച്ചത്. ചെലവുകളെല്ലാം കഴിച്ച്, രണ്ടാമത്തെ തവണയും പ്രശാന്ത് കുമാറിനു ലഭിച്ചത് 15,000 രൂപയാണ്.

അലിയുടെ പക്കൽ വലിയ അളവിൽ എംഡിഎംഎ ഉള്ളതായി വിവരമുണ്ട്. രാജ്യാന്തര ബന്ധങ്ങളുള്ള വൻ ശൃംഖലയാണു ലഹരിക്കടത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നു. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 6.5 കോടിയോളം രൂപ വരുന്ന എംഡിഎംഎയുടെ കടത്ത് ചെറിയ സംഘങ്ങൾക്കൊന്നും സാധിക്കില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മലേഷ്യ കേന്ദ്രീകരിച്ച് വളരുന്ന അധോലോക സംഘങ്ങൾക്ക് കൊച്ചി ലഹരിക്കടത്ത് കേസുമായി ബന്ധമുണ്ടാകാമെന്നും എക്സൈസ് കരുതുന്നു. അലിയുമായുള്ള ബന്ധത്തെ തുടർന്നാണു ലഹരിക്കടത്തിനിറങ്ങിയതെന്നാണു പ്രശാന്ത് കുമാർ പറയുന്നത്. 

നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ അലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ്. തെളിവെടുപ്പിനായി പ്രശാന്ത്കുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.