ഐഎഎസുകാർക്ക് മലയാളത്തോട് കുറച്ചിലെന്ന് പ്രഭാവർമ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കു മലയാളത്തിനോട് അയിത്തമാണെന്ന പരാതിയുമായി കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ.

‘‘ചില ഐഎഎസ് ഉദ്യോഗസ്ഥർക്കു ഫയലിൽ മലയാളത്തിൽ കുറിപ്പെഴുതാൻ കുറച്ചിലാണ്. ഇംഗ്ലിഷ് മാത്രമേ ഉപയോഗിക്കൂ. ഭരണഭാഷ മലയാളമാണ് എന്നോർക്കണം. ഇംഗ്ലിഷിലേ എഴുതൂ എന്നത് അവരുടെ അധമബോധമാണ്. മാതൃഭാഷയുടെ മാഹാത്മ്യം മനസിലാക്കുന്നവരാകണം ഉന്നത ഉദ്യോഗസ്ഥർ’’–മലയാളം മിഷൻ സംഘടിപ്പിച്ച ഭൂമി മലയാളം ഭാഷാ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രഭാവർമ പറഞ്ഞു. 

ഭാഷാപണ്ഡിതൻ കൂടിയായ ഇ.എം.എസ്. നമ്പൂതിരിപ്പാട് ബിഎ ധനതത്വശാസ്ത്ര പരീക്ഷയ്ക്കു തോറ്റു. കാരണം തിരക്കിയപ്പോഴാണു മനസിലാകുന്നത്, സാമ്പത്തിക ശാസ്ത്രത്തിലെ സാങ്കേതികപദങ്ങൾ‍ക്കു പകരം അദ്ദേഹം ഉപയോഗിച്ചതു തത്തുല്യമായ മലയാളപദങ്ങളായിരുന്നു. അതുകൊണ്ട് അധ്യാപകർ തോൽപിച്ചു കളഞ്ഞു. ‌

തത്തുല്യപദങ്ങൾ ലളിതവും മനോഹരവുമാകണം. ഇംഗ്ലിഷിലെ ‘ബോയ്‌ലിങ് പോയിന്റ്’ എന്ന പദത്തിനു ‘ക്വഥനാങ്കം’ എന്നാണു എൻ.വി. കൃഷ്ണവാരിയരുടെ േനതൃത്വത്തിലുള്ള ഭാഷാസമിതി നിർദേശിച്ച മലയാളപദം. എന്നാൽ ‘തിളനില’ എന്ന മനോഹരമായ വാക്കാണു തമിഴർ സ്വീകരിച്ചതെന്നും പ്രഭാവർമ ചൂണ്ടിക്കാട്ടി. 

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഭാഗ്യലക്ഷ്മി, പി.ടി. കുഞ്ഞഹമ്മദ്, ആർ.പാർവതീദേവി, പി. എം. മനോജ്, മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.