തിരുവനന്തപുരം∙ കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്കു വള്ളത്തോൾ സാഹിത്യ പുരസ്കാരം. 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് അവാർഡ്. കവി, ഗാനരചയിതാവ്, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ തുറകളിൽ മികവു പ്രകടിപ്പിച്ച വ്യക്തിയാണു പ്രഭാവർമ. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2013ലെ വയലാർ അവാർഡും ലഭിച്ചു. അർക്കപൂർണ്ണിമ എന്ന കവിതാസമാഹാരത്തിന് 1995ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. വൈലോപ്പിള്ളി പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സൗപർണിക, ചന്ദനനാഴി, ആർദ്രം എന്നിവയാണു മറ്റു കവിതാ സമാഹാരങ്ങൾ.
മികച്ച ഗാന രചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ പ്രഭാവർമയെ തേടിയെത്തി. പത്രപ്രവർത്തന രംഗത്തു മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്
1959 ജനിച്ച പ്രഭാവർമ, ചങ്ങനാശ്ശേരി എൻഎസ്എസ് ഹിന്ദു കോളേജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: മനോരമ, മകൾ: ജ്യോത്സന.