വൈക്കം∙ നവീകരണം സാധ്യമായാൽ മാത്രമേ ജലഗതാഗതത്തിലേക്കു ജനങ്ങളെ ആകർഷിക്കുവാൻ കഴിയുകയുള്ളു മന്ത്രി ടി.എം.തോമസ് ഐസക്. വൈക്കം– എറണാകുളം അതിവേഗ എസി ബോട്ട് ‘വേഗ 120’ ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റീൽ നിർമ്മിതമായ അഞ്ച് ബോട്ടുകൾ ഉടൻ നീറ്റിലിറക്കുമെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ വൈക്കം - തവണക്കടവ് ജലപാതയിൽ ആരംഭിച്ച സോളർ ബോട്ട് സർവീസ് വിജയകരമാണ്. രണ്ടുനില സോളാർ ബോട്ട് ഈ സാമ്പത്തിക വർഷം തന്നെ തുടങ്ങും.
ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കും കുമരകത്തേക്കും എസി ബോട്ട് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൂന്നു മാസത്തിനകം വാട്ടർ ടാക്സികളുടെ സർവീസ് നിലവിൽ വരും രാത്രികാലങ്ങളിലും ഓടിക്കാൻ പറ്റുന്ന രണ്ട് സോളർ ബോട്ടുകളുടെ നിർമാണം പുരോഗമിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് രക്ഷാ -പുനരധിവാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച ജലഗതാഗത വകുപ്പ് ജീവനക്കാരെ മന്ത്രി അനുമോദിച്ചു.
എ. എം. ആരിഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. സി.കെ. ആശ എംഎൽഎ, നഗരസഭ അധ്യക്ഷൻ പി.ശശിധരൻ, എം. വൈ. ജയകുമാരി, കെ.കെ. രഞ്ചിത്ത്, ആർ. സന്തോഷ്, വി.വി. സത്യൻ, ജല ഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വിയനായർ, അക്കരപ്പാടം ശശി, സുഭാഷ് പുഞ്ചക്കോട്ടിൽ, ബഷീർ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.