എൻസിപിയുമായി ലയനം: പിള്ള യോഗം വിളിച്ചു

തിരുവനന്തപുരം ∙ ലയനത്തിന് എൻസിപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയതോടെ കേരളകോൺഗ്രസ് (ബി) വ്യാഴാഴ്ച കോഴിക്കോട്ട് നേതൃയോഗം വിളിച്ചു. എൻസിപിയുടെ സംസ്ഥാന നേതൃയോഗവും വൈകാതെ ചേരും.

ലയനത്തിനുള്ള സാധ്യത ശക്തമാണെങ്കിലും പല തർക്കവിഷയങ്ങളിലും ഇനിയും ധാരണയുണ്ടാകണം. ആർ. ബാലകൃഷ്ണപിള്ളയ്ക്കും കെ.ബി.ഗണേഷ്കുമാറിനും എൻസിപിയിൽ ലഭിക്കുന്ന പദവി, കേരളകോൺഗ്രസിന്റെ സംസ്ഥാനകമ്മിറ്റി ഓഫിസിന്റെ അവകാശം, ലയനത്തെത്തുടർന്ന് എൻസിപിയെ ആരൊക്ക എൽഡിഎഫിൽ പ്രതിനിധീകരിക്കും, സംസ്ഥാന–ജില്ലാഘടകങ്ങളിൽ കേരളകോൺഗ്രസിനു ലഭിക്കുന്ന പ്രാതിനിധ്യം ഇതെല്ലാമാണു പ്രധാനമായും ചർച്ച ചെയ്യാനുള്ളത്. ഇക്കാര്യം ആലോചിക്കാനായി ടി.പി.പീതാംബരൻ, തോമസ് ചാണ്ടി,എ.കെ. ശശീന്ദ്രൻ എന്നിവരങ്ങുന്ന സമിതിയെ എൻസിപി നിയോഗിച്ചു. മുംബൈയിൽ പ്രഫുൽ പട്ടേലുമായി നടന്ന നേതാക്കളുടെ കൂടിക്കാഴ്ചയെത്തുടർന്നാണിത്.

മുമ്പൊരിക്കൽ പിള്ള ലയിക്കാനൊരുങ്ങിയെങ്കിലും പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് അതു തടസപ്പെടുകയായിരുന്നു. എൻസിപി ഉപസമിതി ആദ്യം പിള്ളയുമായി  സംസാരിക്കും. ധാരണയിലെത്തിയാൽ പിള്ള എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കണ്ടശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. എൽഡിഎഫിൽ ഘടകകക്ഷിസ്ഥാനം പിള്ള ആഗ്രഹിക്കുന്നതാണ് ലയനനീക്കത്തിനു പ്രേരണയായത്. കേരളകോൺഗ്രസ് സ്കറിയാതോമസ് വിഭാഗവുമായി മുമ്പ് നടത്തിയ ലയനനീക്കം മണിക്കൂറുകൾക്കകം പൊളിഞ്ഞതിനാൽ ജാഗ്രതയോടെ നീങ്ങാനാണ് ഇക്കുറി ആർ.ബാലകൃഷ്ണപിള്ളയുടെ തീരുമാനം.