തിരുവനന്തപുരം∙ നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ദള്‍, ആര്‍.ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്, എല്‍ഡിഎഫുമായി വര്‍ഷങ്ങളായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. മുന്നണി വിപുലീകരിക്കുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നതെന്നും ലോക്സഭാ സീറ്റ് നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ പിന്നീട് നടക്കുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടികള്‍ കത്തു നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ നാലു പാര്‍ട്ടികളെയാണ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പിന്നീട് പരിഗണിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു തര്‍ക്കത്തെത്തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫിലേക്ക് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് യുഡിഎഫുമായി അകലുന്നത്. എല്‍ഡിഎഫുമായി വീണ്ടും അടുത്ത വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കിയാണ് മുന്നണി ബന്ധം ശക്തമാക്കിയത്.
ആര്‍.ബാലകൃഷ്ണപിള്ള നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (ബി) ഇപ്പോള്‍ ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കെ.ബി.ഗണേഷ് കുമാറാണ് നിയമസഭയിലെ പാര്‍ട്ടിയുടെ ഏക പ്രതിനിധി. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കാന്‍ പാര്‍ട്ടി നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ശബരിമല വിഷയം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ മുന്നണി പ്രവേശനം വേഗത്തിലാക്കിയത്. മറ്റു പാര്‍ട്ടികളുമായി ലയിക്കാതെതന്നെ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാണി വിഭാഗത്തില്‍നിന്ന് രാജിവച്ചാണ് 2016ല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജാണ് ചെയര്‍മാന്‍. രൂപീകരണഘട്ടം മുതല്‍ ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. കാല്‍ നൂറ്റാണ്ടായി എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുകയാണ് ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്). കാസര്‍ഗോഡ് മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഐഎന്‍എല്ലിന് ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
ജെഎസ്എസ്, ആര്‍എസ്പി (ലെനിനിസ്റ്റ്), ആര്‍എസ്പി (ലെഫ്റ്റ്), ഫോര്‍വേഡ് ബ്ലോക്ക്, സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ലാലു പ്രസാദ് യാദവിന്റെയും മുലായം സിങിന്റെയും പാര്‍ട്ടികള്‍, സിഎംപിയിലെ ഒരു വിഭാഗം എന്നിവ ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കത്തു നല്‍കിയിട്ടുണ്ട്. ഇവരെ തല്‍ക്കാലം മുന്നണിയിലെടുക്കില്ല.
കത്തു നല്‍കിയ മറ്റുള്ള പാര്‍ട്ടികളെ ഘടകകക്ഷിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അവരുമായി സഹകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ‘ ഇപ്പോള്‍ നാലു പാര്‍ട്ടികളെ ഉള്‍കൊള്ളിക്കുന്നു. മറ്റുള്ളവരുമായി സഹകരിക്കും. പി.ടി.എ.റഹിമിന്റെ പാര്‍ട്ടി എല്‍ഡിഎഫിലെ ഘടകകക്ഷിയല്ല. പി.ടി.എ. റഹിം ഇടതു സ്വതന്ത്രനാണ്. അദ്ദേഹം പാര്‍ലമെന്ററി പാര്‍ട്ടിയിലെ അംഗമാണ്’ - മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി എ.വിജയരാഘവന്‍ പറഞ്ഞു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ വിജയം ലഭിക്കുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. പാര്‍ട്ടി ഇപ്പോഴും എല്‍ഡിഎഫിന്റെ ഭാഗം തന്നെയാണ്. ആദ്യം മുതല്‍തന്നെ എല്‍ഡിഎഫ് ജില്ലാ കമ്മറ്റിയുമായി സഹകരിക്കുന്നു. തീരുമാനത്തിന് നന്ദിയുണ്ട്. സംസ്ഥാന കമ്മറ്റി ജനുവരി 10ന് ചേര്‍ന്ന് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല. മന്ത്രിയാകാനായി മുന്നണിയില്‍ കയറാന്‍ ആഗ്രഹിച്ചിട്ടില്ല.
അയ്യപ്പ ജ്യോതിയില്‍ പാര്‍ട്ടി അംഗമല്ല. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടാണ് ഞങ്ങള്‍ക്കും. ഇടതു മുന്നണി എന്തൊക്കെ സമരത്തില്‍ പങ്കാളികയാകുമോ അതിലെല്ലാം പങ്കെടുക്കും. എന്‍എസ്എസില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവരുണ്ട്. എന്‍എസ്എസ് നിലപാടിനു വിരുദ്ധമായി മുന്‍പ് നിലപാടുകള്‍ സ്വീകരിക്കണ്ടി വന്നിട്ടുണ്ട്. ഇനിയും തീരുമാനങ്ങളെടുക്കേണ്ടി വന്നാല്‍ എടുക്കുമെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ഘടകകക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിലും മുന്നണിക്കു കരുത്ത് പകർന്നിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. എൽഡിഎഫിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നായിരുന്നു ലോക് താന്ത്രിക് ദളിന്റെ പ്രതികരണം. ദേശീയതലത്തിലും ഇടത് രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടും. ഇടതുപക്ഷ ആശയങ്ങള്‍ കൂടുതൽ ദൃഢമാകുമെന്നും വർഗീസ് ജോർജ് പറഞ്ഞു.