വീട്ടുകാർക്ക് ഭക്ഷണം വാങ്ങാനിറങ്ങി; തർക്കം തള്ളിയിട്ടത് മരണത്തിലേക്ക്

സനലിന്റെ മൃതശരീരവുമായി നാട്ടുകാർ നെയ്യാറ്റിൻകരയിൽ ദേശീയപാത ഉപരോധിക്കുന്നു. ചിത്രം: മനോരമ.

നെയ്യാറ്റിൻകര∙ ഇലക്ട്രീഷ്യനും പ്ലമ്പറുമായ സനൽ ഭക്ഷണം കഴിക്കാനാണു രാത്രി ഒൻപതരയോടെ കാറിൽ കൊടങ്ങാവിളയിൽ എത്തിയത്. റോഡുവരികിൽ മറ്റൊരു കാറിനു മുന്നിലായി വാഹനം പാർക്ക് ചെയ്ത് സമീപത്തെ തട്ടുകടയിൽ  ഭക്ഷണം കഴിക്കാൻ കയറി.

‘ആരെടാ ഇവിടെ കാർ കൊണ്ടിട്ടത്’ എന്ന് ഉച്ചത്തിൽ ചോദിക്കുന്നത് കേട്ടാണു ഭക്ഷണം പാതിവഴിക്കിട്ടു സനൽ അവിടേക്ക് ഓടി എത്തിയതെന്നു ദൃക്സാക്ഷികൾ പറയുന്നു. കാർ പിന്നിലേയ്ക്കെടുത്താൽ പോകാമല്ലോ എന്നു സനൽ പറഞ്ഞത് നെയ്യാറ്റിൻകര ഡിവൈഎസ്പി: ബി.ഹരികുമാറിനു ഇഷ്ടപ്പെട്ടില്ല. തുടർന്ന് തർക്കമായി. അപ്പോഴും തന്നോട് സംസാരിക്കുന്നതു  ഡിവൈഎസ്പിയാണെന്നു സനൽ തിരിച്ചറിഞ്ഞിരുന്നില്ല. അരിശം മൂത്ത ഹരികുമാർ സനലിനെ പിടിച്ചു തള്ളിയതു  മരണത്തിലേക്കായിരുന്നുവെന്നു ദൃക്സാക്ഷിമൊഴി.

സനൽ കാറിനു മുന്നിലേക്ക് വീണ ഉടൻ തന്നെ ഹരികുമാർ അവണാകുഴി ഭാഗത്തേക്ക് ഓടി. പിൻതുടർന്ന ചിലർ ഡിവൈഎസ്പിയെ ഓടിച്ചിട്ടു മർദിക്കുകയും ചെയ്തു. ഇതിനിടെ ഡിവൈഎസ്പിയെ സന്ദർശിക്കാനെത്തിയ കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനു ഹരികുമാറിന്റെ കാറിൽ പിന്നാലെ പാഞ്ഞെത്തി. ഹരികുമാറിനെ അതിൽ കയറ്റി അവണാകുഴി ജംക്‌ഷനിലെത്തിച്ച് കാറും നൽകി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലായ ശേഷമാണ് ബിനു വീട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ ബിനുവിന്റെ വീടിനു നേരെ കല്ലേറുണ്ടായി. തുടർന്നുള്ള ആക്രമണശ്രമം പൊലീസ് തടഞ്ഞു.

ഭാര്യ വിജിയും മക്കളായ ആൽബിനും എബിനും അടങ്ങുന്നതാണ് സനലിന്റെ കുടുംബം. പണികഴിഞ്ഞെത്തിയ സനൽ കുളികഴിഞ്ഞ് ഭക്ഷണം കഴിക്കാനും വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങിവരാനുമാണ് തട്ടുകടയിലേക്കു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും സനൽ വരാതായപ്പോൾ വിജിയ്ക്ക് ആധിയായി. അയൽക്കാരോട് പറഞ്ഞപ്പോൾ ഒരപകടം പറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന വിവരമാണ് വിജിക്ക് ആദ്യം ലഭിച്ചത്. പിന്നീടാണ് മരണവാർത്ത അറിയുന്നത്.