11 ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്ത്തി
Mail This Article
തിരുവനന്തപുരം∙ ചട്ടം ലംഘിച്ചു സ്ഥാനക്കയറ്റം നൽകിയ 11 ഡിവൈഎസ്പിമാരെ സർക്കിൾ ഇൻസ്പെക്ടർമാരായി തരം താഴ്ത്തി ഇന്നലെ പുലർച്ചെ രണ്ടരയോടെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നാളെ ചുമതലയേൽക്കാനും നിർദേശിച്ചു. കോടതിയെ സമീപിച്ചു ഉത്തരവിനു സ്റ്റേ വാങ്ങുന്നത് ഒഴിവാക്കാനായിരുന്നു തിരക്കിട്ട നടപടി. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസിൽ കൂട്ട സ്ഥലം മാറ്റത്തിനും തുടക്കമായി.
ആദ്യ പടിയായി 64 ഡിവൈഎസ്പിമാരെ മാറ്റി നിയമിച്ചു. ക്രമസമാധാന ചുമതലയുള്ള 11 എസ്പിമാർക്കും എഡിജിപിവരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഉടൻ മാറ്റമുണ്ടാകും. ഡിവൈഎസ്പിമാരായ കെ.എസ്.ഉദയഭാനു, എസ്.വിജയൻ, എസ്.അശോക് കുമാർ, എം.ഉല്ലാസ് കുമാർ, എ.വിപിൻദാസ്, വി.ജി.രവീന്ദ്രനാഥ്, എം.കെ.മനോജ് കബീർ, ആർ.സന്തോഷ് കുമാർ, ഇ.സുനിൽ കുമാർ, ടി.അനിൽ കുമാർ, കെ.എ.വിദ്യാധരൻ എന്നിവരെയാണു സിഐമാരായി തരം താഴ്ത്തിയത്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി മറികടന്നു വകുപ്പുതല സ്ഥാനക്കയറ്റ സമിതി ചട്ട വിരുദ്ധമായാണ് ഇവർക്കു മൂന്നു വർഷം മുൻപു സ്ഥാനക്കയറ്റം നൽകിയത്. ഇതു ശ്രദ്ധയിൽപെട്ടതോടെ തരംതാഴ്ത്താൻ സർക്കാർ നിർദേശിച്ചു. തുടർന്നു ഇതു സംബന്ധിച്ച ശുപാർശ ഡിജിപി: ലോക്നാഥ് ബെഹ്റ കഴിഞ്ഞ 29നു സർക്കാരിനു നൽകി. കഴിഞ്ഞ 18നു ചേർന്ന വകുപ്പുതല പ്രമോഷൻ കമ്മിറ്റിയും സ്ഥാനക്കയറ്റം ചട്ടവിരുദ്ധമാണെന്നു കണ്ടെത്തി തരം താഴ്ത്താൻ ശുപാർശ ചെയ്തിരുന്നു.
സിബിഐ, ക്രൈംബ്രാഞ്ച്, വിജിലൻസ് തുടങ്ങിയവ എടുത്ത കേസുകളിൽ പ്രതികളായവരാണു ഇവരിൽ പകുതിയിലധികവും. ചിലർ സസ്പെൻഷൻ അടക്കമുള്ള വകുപ്പുതല നടപടി നേരിട്ടവരും. ഇതു പരിഗണിക്കാതെയും കൃത്യമായി വകുപ്പുതല പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) യോഗം ചേരാതെയും താൽക്കാലികം എന്ന പേരിലായിരുന്നു സ്ഥാനക്കയറ്റം. അച്ചടക്ക നടപടി നേരിട്ടവരെയും സ്ഥാനക്കയറ്റത്തിനു പരിഗണിക്കാമെന്ന കേരള പൊലീസ് ആക്ടിലെ ചട്ടം അടുത്തിടെ മന്ത്രിസഭ റദ്ദാക്കിയതും തരം താഴ്ത്തലിനു വേഗം കൂട്ടി.
എങ്കിലും കോടതിയെ സമീപിക്കാനാണു തരംതാഴ്ത്തലിനു വിധേയരായവരുടെ തീരുമാനം. 11 ഡിവൈഎസ്പിമാരെ ഒന്നിച്ചു തരം താഴ്ത്തുന്നത് അപൂർവ നടപടിയാണ്. ഒന്നോ രണ്ടോ പേർക്ക് എതിരെ നടപടിയെടുക്കുന്നതാണു സാധാരണ സംഭവിക്കുക. 26 സിഐമാർക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകിയും ഉത്തരവിറക്കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റിയുള്ള അഴിച്ചു പണിയും തുടങ്ങി.