കോട്ടയം ∙ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘത്തെ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തിൽ എഎസ്ഐ ടി.എം. ബിജുവിനെ പിരിച്ചു വിടാൻ തീരുമാനം. ബിജുവിനൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ എം.എൻ. അജയകുമാറിന്റെ മൂന്നു വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി. കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി വിനോദ് പിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണു നടപടി എടുത്തത്. പിരിച്ചു വിടുന്നതിനു മുന്നോടിയായി ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി.
അതിനിടെ കൊച്ചിയിൽ പോയി മടങ്ങി വരുന്ന വഴി അപകടത്തിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം കാണിക്കൽ നോട്ടിസിനു മറുപടി തയാറാക്കാനായി പോയി വരുമ്പോൾ ഇന്നലെ പുലർച്ചെ മൂന്നരയോടെ എം.എൻ. അജയകുമാറിന്റെ കാർ കൂത്താട്ടുകുളത്തു വച്ചു നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
മേയ് 26നു രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ സാനു ചാക്കോയുടെ വാഹനം ഗാന്ധിനഗർ സ്റ്റേഷനിലെ നൈറ്റ് ഓഫിസറായിരുന്ന ടി.എം. ബിജു തടഞ്ഞു. കാറിന്റെ നമ്പർ പ്ലേറ്റു ചെളി കൊണ്ടു മറച്ചതായി കണ്ടെത്തിയെങ്കിലും കൂടുതൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. 2000 രൂപ കൈക്കൂലി വാങ്ങിയതിൽ വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിനു നൽകി.
കൈക്കൂലി വാങ്ങിയതിനു പുറമെ ഇരുവരുടെ ഭാഗത്തു നിന്നു സംബന്ധിച്ച സുരക്ഷാ വീഴ്ചയാണു കടുത്ത നടപടിക്കു കാരണം. മുഖ്യമന്ത്രിയുടെ സന്ദർശനത്തലേന്നു സംശയാസ്പദമായി കണ്ട വാഹനം കൈക്കൂലി വാങ്ങി വിട്ടയച്ചതു ഗുരുതരമായ വീഴ്ചയാണ്. സാനുവിനെ തടഞ്ഞു കൂടുതൽ ചോദ്യം ചെയ്തിരുന്നെങ്കിൽ കെവിന്റെ കൊലപാതകം ഒഴിവാക്കാമായിരുന്നു. തെന്മല സ്വദേശി നീനു ചാക്കോയെ കെവിൻ വിവാഹം കഴിച്ചതിന്റെ പേരിലാണു സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മൂന്നു വാഹനങ്ങളിൽ എത്തി കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയത്.