Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി: വിജിലൻസ് അന്വേഷണത്തിനു ഗവർണറുടെ അനുമതിയില്ല

brewery-beer-bottles

തിരുവനന്തപുരം ∙ ഡിസ്റ്റിലറി–ബ്രൂവറി അഴിമതിയെക്കുറിച്ചു വിജിലൻസ് അന്വേഷണത്തിനു ഹർജി നൽകാൻ അനുമതി നൽകണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗവർണർ പി.സദാശിവം നിരസിച്ചു. ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി ചെന്നിത്തല മുതിർന്ന അഭിഭാഷകരുടെ അഭിപ്രായം ആരാഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവരെ പ്രതികളാക്കി കേസ് ഫയൽ ചെയ്യാൻ അനുമതി തേടി ചെന്നിത്തല രണ്ടുതവണ ഗവർണറെ കണ്ടിരുന്നു. നാലുതവണ കത്തും നൽകി. കേന്ദ്ര സർക്കാർ അടുത്തിടെ ഭേഗദതി ചെയ്ത അഴിമതി നിരോധന നിയമം അനുസരിച്ചു അഴിമതി ആരോപണത്തെക്കുറിച്ച് കേസ് ഫയൽ ചെയ്യുന്നതിനു നിയമനാധികാരിയുടെ മുൻകൂർ അനുമതി തേടണം. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും നിയമനാധികാരി ഗവർണറായതിനാലാണ് അദ്ദേഹത്തെ സമീപിച്ചത്.

നിയമങ്ങൾ ലംഘിച്ച് ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ച മുഖ്യമന്ത്രിയും മന്ത്രി ടി.പി.രാമകൃഷ്ണനും കേരളചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണു നടത്തിയതെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.1988ലെ അഴിമതി നിരോധന നിയമത്തിലെ 15–ാം വകുപ്പു പ്രകാരം അഴിമതി നടത്താനുള്ള ശ്രമവും അഴിമതിയായാണു പരിഗണിക്കപ്പെടുന്നത്. 

ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ച ഉത്തരവു സർക്കാർ പിൻവലിച്ചതിനാൽ അന്വേഷണത്തിനു പ്രസക്തിയില്ലെന്നു ചെന്നിത്തലയ്ക്കു നൽകിയ മറുപടിയിൽ ഗവർണർ പറഞ്ഞു. ഉത്തരവു പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യഹർജി തീർപ്പാക്കിയതും മറുപടിയിൽ ഉണ്ട്. ഹർജി പരിഗണിച്ചപ്പോൾ ഉത്തരവു പിൻവലിച്ചുവെന്നാണു സർക്കാർ കോടതിയെ അറിയിച്ചത്. ഇതു മുഖവിലയ്ക്കെടുത്ത് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു. 

സർക്കാരിനോടും ഗവർണർ വിശദീകരണം ചോദിച്ചിരുന്നു. പ്രളയാനന്തര കേരള സൃഷ്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനു വിവാദങ്ങൾക്കു താൽപര്യമില്ലാത്തതിനാൽ ഉത്തരവു പിൻവലിക്കുന്നുവെന്നാണ് ഗവർണറെ അറിയിച്ചത്. സർക്കാരിന്റെ ഈ മറുപടിയും കത്തിൽ ഗവർണർ പരാമർശിച്ചു. എന്നാൽ ഹൈക്കോടതിയിലെ പൊതുതാൽപര്യ ഹർജിയിൽ ഉത്തരവു പിൻവലിക്കണമെന്നല്ലാതെ, അന്വേഷണം വേണമെന്ന് ആവശ്യമില്ലായിരുന്നുവെന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു. ഉത്തരവു പിൻവലിച്ചതുകൊണ്ട് അഴിമതിക്കു ന്യായീകരണമാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

related stories