കൊല്ലം ∙ ഒരേ നിലപാട് ആലോചിച്ചുറപ്പിച്ച ശേഷമാണ് കോൺഗ്രസും ബിജെപിയും ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിന് എത്തിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യോഗം അവസാനിച്ച ശേഷം ബഹിഷ്കരിക്കുന്ന കാര്യത്തിലും ഒരേ നിലപാടായിരുന്നു. കെഎസ്ടിഎയുടെ നവീകരിച്ച ജില്ലാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി മാറി. രാഹുൽഗാന്ധി പറഞ്ഞാൽ കേൾക്കാത്ത ചെന്നിത്തല അമിത് ഷാ പറയുന്നതാണു കേൾക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ശബരിമലയിൽ വെടിവയ്പും കേരളം മുഴുവൻ 92 മോഡൽ കലാപവുമാണു സംഘപരിവാർ ലക്ഷ്യമിടുന്നത്. ആർഎസ്എസിന്റെ ആ ചൂണ്ടയിൽ കോൺഗ്രസ് വീണെന്നും കോടിയേരി പറഞ്ഞു. stop