കുവൈത്ത് സിറ്റി● ശബരിമല സ്ത്രീ പ്രവേശനത്തിൽ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്തെന്നുള്ള ചോദ്യം രുചിക്കാതെ പാർട്ടിയുടെ ദേശീയ വക്താവും എംപിയുമായ മീനാക്ഷി ലേഖി വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണു സംഭവം. മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു വിശദീകരിച്ച മീനാക്ഷി ലേഖി പെട്രോൾ വില വർധന, നോട്ട് പിൻവലിക്കൽ തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വനിതാ നേതാവ് എന്ന നിലയിലുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തിന് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാടാണു തനിക്കെന്ന മറുപടിയും നൽകി.
തുടർന്ന് ബിജെപി വക്താവ് എന്ന നിലയിൽ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യമാണു ലേഖിയെ ചൊടിപ്പിച്ചത്. പറയാനുള്ളതു പറഞ്ഞുകഴിഞ്ഞെന്നും പറഞ്ഞ് അവർ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മീനാക്ഷി ലേഖിയുടെ പെട്ടെന്നുള്ള ഇറങ്ങിപ്പോക്ക് വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള ഉൾപ്പെടെയുള്ളവരെ സ്തബ്ധരാക്കി. തുടർന്ന് ശ്രീധരൻ പിള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നൽകി.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ബിജെപി ജീവന്മരണ പോരാട്ടത്തിലുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ തകർക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും ആ മനോഭാവത്തിനെതിരെയാണു സമരമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകർക്കാൻ 50 കൊല്ലത്തോളമായി കമ്യൂണിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി മറയാക്കി ലക്ഷ്യം നേടാനാണ് ഇപ്പോഴത്തെ ശ്രമം.
പുനഃപരിശോധനാ ഹർജി വരെ കാത്തിരിക്കാതെ കോടതി വിധി നടപ്പാക്കാനുള്ള തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. എ.കെ. ഗോപാലൻ പരാജയപ്പെട്ടിടത്ത് പിണറായി വിജയൻ വിജയിക്കുമെന്ന് കരുതേണ്ട. ശബരിമല വിഷയത്തിൽ ഇരന്നു വാങ്ങിയ വിധിയാണ് ഇപ്പോഴത്തേത്. മുൻ സർക്കാർ നൽകിയ സത്യവാങ്മൂലം ഇടത് സർക്കാർ മാറ്റി നൽകിയതു ബോധപൂർവമാണ്. കോടതി വിധിയെ ലാഘവത്തോടെ കാണുന്നില്ല. എന്നാൽ കോടതി വിധിയെ വിമർശിക്കാനുള്ള അവകാശം ആർക്കുമുണ്ട്.– ശ്രീധരൻപിള്ള പറഞ്ഞു.
കർണാടക എംഎൽഎ വേദവ്യാസ് കമ്മത്ത്, വിജയ രാഘവൻ തലശേരി, അഡ്വ.സുമോദ്, നാരായണൻ ഒതയോത്ത്, ടി.ജി. വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.