തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ നിലപാടിൽ വെള്ളം ചേർക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിധി നടപ്പാക്കാൻ സാവകാശം തേടാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തെ എതിർക്കേണ്ട കാര്യമില്ല. അതേസമയം, പാർട്ടി പറഞ്ഞിട്ടാണ് അതു ചെയ്തതെന്നു വരുത്താനും സിപിഎം തയാറല്ലെന്ന സൂചനയാണു സെക്രട്ടേറിയറ്റിലെ ചർച്ചകൾ നൽകുന്നത്.
വിധി നടപ്പാക്കുന്നതിനു സാവകാശം തേടണമെന്ന അഭിപ്രായം സർവകക്ഷിയോഗത്തിൽ ഉയർന്നപ്പോൾ മുഖ്യമന്ത്രി അതു പൂർണമായും തള്ളുകയായിരുന്നു. എന്നാൽ ഉച്ചയ്ക്കുശേഷം തന്ത്രികുടുംബവും പന്തളം കൊട്ടാരവും ഇതുന്നയിക്കുകയും ദേവസ്വംബോർഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും അതിനായി വാദിക്കുകയും ചെയ്തപ്പോൾ മുഖ്യമന്ത്രി മൗനാനുവാദം നൽകി. സിപിഎമ്മും സിപിഐയും ചർച്ച ചെയ്തു തീരുമാനിക്കാമെന്നും ധാരണയായി. സിപിഎം തീരുമാനം വൈകിയതു മൂലമാണ് ഇതു സംബന്ധിച്ചു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രഖ്യാപനവും ഇന്നലെ നീണ്ടത്.
സഹകരണം തേടി മുഖ്യമന്ത്രി
∙ മണ്ഡല–മകരവിളക്കു തീർഥാടനകാലം സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടു.