കുവൈത്ത് സിറ്റി ∙ പ്രളയമൊഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന കുവൈത്തിൽ പക്ഷേ വിമാന സർവീസുകൾ ഇപ്പോഴും താളംതെറ്റി തന്നെ. ജറുസലം ഉൾപ്പെടെ പുണ്യകേന്ദ്രങ്ങളിലെ തീർഥാടനം കഴിഞ്ഞ് കേരളത്തിലേക്കുള്ള യാത്രാമധ്യേ കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ രണ്ട് മലയാളി സംഘങ്ങൾ കുടുങ്ങി. ബുധനാഴ്ച രാവിലെ എത്തിയ 35 പേർക്ക് വിമാനത്താവളം അടച്ചതിനാൽ യാത്ര മുടങ്ങുകയായിരുന്നു. പ്രായമായ 15 വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് ഹോട്ടൽ സൗകര്യം അനുവദിച്ചെങ്കിലും 5 മണിക്കൂറിന് ശേഷം ഒഴിപ്പിച്ചതായി ഇവർ പരാതിപ്പെട്ടു.
ഇന്നലെ ഉച്ചവരെ വിമാനത്താവളത്തിൽ കഴിഞ്ഞതിനു ശേഷമാണ് ഇവർക്ക് വീണ്ടും മുറി അനുവദിച്ചത്. ഇന്നലെ രാവിലെ അഞ്ചിന് വിമാനത്താവളത്തിൽ എത്തി കുടുങ്ങിയ സംഘത്തിൽ 41 പേരുണ്ട്. രണ്ട് സംഘത്തിനും കൊച്ചിയിലേക്കുള്ള തുടർയാത്ര സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചെത്തുന്ന മുറയ്ക്കേ ഇവിടെനിന്നുള്ള സർവീസുകൾ പുനക്രമീകരിക്കാൻ കഴിയൂ എന്നാണ് കുവൈത്ത് എയർവേയ്സ് അറിയിപ്പ്.