ത‍ൃപ്തി ദേശായിക്കെതിരായ പ്രതിഷേധം കൃത്യമായ ആസൂത്രണത്തോടെ

പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായിയും ഒപ്പമെത്തിയവരും വിമാനത്താവളത്തിനുള്ളിൽ.

കൊച്ചി∙ തൃപ്തി ദേശായി വിമാനത്താവളത്തിനു പുറത്തുപോലും എത്താതിരിക്കാൻ കൃത്യമായി ആസൂത്രണത്തോടെയായിരുന്നു ശബരിമല കർമസമിതിയുടെ നീക്കങ്ങൾ. വെളളിയാഴ്ച പുലർച്ചെ 4.40ന് തൃപ്തിയും ഒപ്പമുള്ളവരും വിമാനമിറങ്ങുമ്പോൾ നൂറിലേറെപ്പേർ പുറത്തുണ്ടായിരുന്നു. ഭൂമാത ബ്രിഗേഡിയറിന്റെ സജീവപ്രവർത്തകരായ മനീഷ (42), മീനാക്ഷി (46), സ്വാതി (44), കവിത (29), ലക്ഷ്മി (43), സംഗീത (42) എന്നിവരാണു ത‍ൃപ്തിക്കൊപ്പമുണ്ടായിരുന്നത്.

പൊലീസ് സുരക്ഷ നൽകാമെന്നറിയിച്ചെങ്കിലും പ്രീപെയ്ഡ് കൗണ്ടറിലെ ഡ്രൈവർമാർ ഓട്ടം പോകാൻ തയാറായില്ല. ഇതിനിടെ, പുലർച്ചെ വിമാനത്താവളത്തിലെത്തിയ മന്ത്രി ഇ.പി. ജയരാജനെ കാണാൻ ത‍ൃപ്തി ശ്രമിച്ചെങ്കിലും പൊലീസ് സൗകര്യമൊരുക്കിയില്ല. 6നു തിരുവനന്തപുരത്തു നിന്നെത്തിയ മന്ത്രി ഇവരെ ഗൗനിക്കാതെ പെട്ടെന്നു പുറത്തേക്കു പോയി. കനത്ത സുരക്ഷ കണ്ടു തൃപ്തിക്കു വേണ്ടിയാണെന്നു തെറ്റിദ്ധരിച്ചു കർമസമിതി പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയാനും ശ്രമിച്ചു.

നടനും എംഎൽഎയുമായ മുകേഷും ഈ സമയം എത്തിയെങ്കിലും മറ്റൊരു വഴിയിലൂടെ കടന്നുപോയി. തൃപ്തി ദേശായിയെ കാർഗോ ഗേറ്റിലൂടെ വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് അഭ്യൂഹം പരന്നതിനെത്തുടർന്നു പ്രവർത്തകർ അങ്ങോട്ടു പാഞ്ഞെങ്കിലും ഇതു തെറ്റാണെന്നു വ്യക്തമായി മടങ്ങി. ഇതിനിടെ തൃപ്തി വിളിച്ച ഓൺലൈൻ ടാക്സി 2 തവണ വിമാനത്താവളത്തിലെത്തിയെങ്കിലും പ്രതിഷേധം കണ്ടു മടങ്ങിപ്പോയി. ഇതോടെ അടുത്ത ഹോട്ടലിലേക്കു പോകാൻ സഹായിക്കണമെന്നു തൃപ്തി പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് വാഹനം നൽകാനാകില്ലെന്നും സ്വന്തം വാഹനം സജ്ജമാണെങ്കിൽ സുരക്ഷ നൽകാമെന്നുമായിരുന്നു മറുപടി.

ഉച്ചകഴിഞ്ഞതോടെ പ്രതിഷേധിക്കുന്നവരുടെ എണ്ണം ആയിരത്തോളമായി. ശബരിമലയിലേക്കു പുറപ്പെട്ടാൽ തടയാൻ ദേശീയപാതയിലും എംസി റോഡിലും തുടർന്നുള്ള വഴിയിലുടനീളവും ആളുകൾ സജ്ജരായി നിന്നിരുന്നു. ശബരിമല കർമ സമിതിയുടെ പേരിലായിരുന്നു പ്രതിഷേധ സമരമെങ്കിലും ബിജെപിയുടെ മുതിർന്ന നേതാക്കളും വിമാനത്താവളത്തിൽ പിന്തുണയുമായെത്തി. വിമാനത്താവളത്തിൽ പൊലീസും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ബാരിക്കേഡുകളും ജലപീരങ്കിയും കരുതിയിരുന്നു.