മുംബൈ ∙ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ 6 വനിതകൾക്കുനേരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. ശബരിമലയിലേക്കു പോകാൻ കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം പ്രതിഷേധം ശക്തമായതോടെ വെളളിയാഴ്ച രാത്രി 9.43ന് ഇവർ തിരികെ പോയിരുന്നു. 50 വയസ്സ് പൂർത്തിയായ ശേഷം തൃപ്തിക്കു ശബരിമലയിൽ പോകാമെന്നും അതിനുമുൻപ് പോകാൻ ശ്രമിച്ചാൽ തടയുമെന്നും മുംബൈ വിമാനത്താവളത്തിൽ എത്തിയ പ്രതിഷേധക്കാർ മാധ്യമങ്ങളോടു പറഞ്ഞു.
കേരള പൊലീസിന്റെ അഭ്യർഥന പ്രകാരമാണു മടങ്ങിയതെന്നും അടുത്ത തവണയെത്തുമ്പോൾ സുരക്ഷ ഉറപ്പാക്കാമെന്ന് ഉറപ്പു ലഭിച്ചതായും തൃപ്തി മുംബൈയിൽ പറഞ്ഞു. ഭയന്നല്ല മടങ്ങുന്നത്. ഞങ്ങളെ തടയാനാണെങ്കിൽ അവർക്കതു നിലയ്ക്കലിൽ ആകാമായിരുന്നു. എന്നാൽ നിലയ്ക്കലെത്തിയാൽ ഞങ്ങൾ പമ്പ വഴി സന്നിധാനത്തെത്തി ദർശനം നടത്തുമായിരുന്നു. ഈ പേടികാരണമാണു വിമാനത്താവളത്തിൽ തടഞ്ഞത്. അയ്യപ്പഭക്തരെന്നു പറഞ്ഞു തടയാനെത്തിയവർ ആരും ഭക്തരല്ല. വാക്കുകൊണ്ട് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു.
അടുത്ത തവണ മുൻകൂട്ടി അറിയിക്കാതെയാകും സന്ദർശനമെന്നു തൃപ്തി ആവർത്തിച്ചു. പ്രതിഷേധം ശക്തമായതോടെ സിഐഎസ്എഫിന്റെയും മുംബൈ പൊലീസിന്റെയും സഹായത്തോടെയാണു തൃപ്തിക്കു വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടർന്നു കൊച്ചി വിമാനത്തവാളത്തിൽ 17 മണിക്കൂറോളമാണു തൃപ്തിയും കൂട്ടരും പുറത്തിറങ്ങാനാവാതെ കുഴഞ്ഞത്.