പുണെ ∙ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ പുണെയിലെ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ശബരിമല സന്ദർശനം നടത്താനാകാതെ കൊച്ചി വിമാനത്താവളത്തിൽനിന്നു മടങ്ങേണ്ടിവന്ന തൃപ്തിയുടെ വീടിനു മുന്നിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണിത്. വെള്ളിയാഴ്ച രാത്രി 12.30നു മുംബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴും ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. അടുത്ത തവണ ആരെയും അറിയിക്കാതെ ശബരിമല സന്ദർശിക്കുമെന്നു തൃപ്തി ദേശായി പറഞ്ഞു. തൃപ്തി വീണ്ടും ഇടപെട്ടാൽ സ്വീകരിക്കേണ്ട നടപടി തീരുമാനിക്കാനായി പുണെയിൽ അയ്യപ്പ സേവാ സമിതി യോഗം ചേർന്നു. തൃപ്തിയുടെ ഭർത്താവ് പ്രശാന്തിനെയും സമരക്കാർ കണ്ടു.