തിരുവനന്തപുരം∙ തുലാവർഷം പെയ്തു തുടങ്ങാൻ വൈകിയെങ്കിലും ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ കേരളത്തിൽ 404.9 മില്ലിമീറ്റർ മഴ ലഭിച്ചു. ശരാശരിയേക്കാൾ 3% മാത്രം കുറവാണിത്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിൽ ശരാശരി 40% അധികം മഴ ലഭിച്ചു. അതേസമയം, കാസർകോട് ജില്ലയിൽ 49% കുറഞ്ഞു.
ന്യൂനമർദം: കേരളത്തിലും മഴ സാധ്യത
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മൂലം ചെന്നൈ, തമിഴ്നാടിന്റെ തീരമേഖല, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ തുടരുന്നു. ന്യൂനമർദം ദുർബലമാകാത്തതിനാൽ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാടിന്റെ വടക്കൻ മേഖലകളിലും പുതുച്ചേരിയിലും ഇടിയോടു കൂടിയ കനത്ത മഴ പെയ്തേക്കും. ചെന്നൈ നഗരത്തിൽ ബുധൻ പുലർച്ചെ ആരംഭിച്ച ശക്തികുറഞ്ഞ മഴ വ്യാഴം രാത്രിയും തുടർന്നു. ചിലയിടത്തു വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി.