തിരുവനന്തപുരം ∙ കെ.എം. ഷാജിയെ അയോഗ്യനാക്കിയ പ്രശ്നത്തിൽ കോടിയേരി ബാലകൃഷ്ണനായാലും മുല്ലപ്പള്ളി രാമചന്ദ്രനായാലും താൻ പറഞ്ഞതു തന്നെയേ ഇനിയും പറയാനാവൂ എന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഈ വിഷയത്തിൽ കെ.സി.ജോസഫ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്നു താൻ പറഞ്ഞിട്ടില്ല. എന്നാൽ അദ്ദേഹത്തെ അയോഗ്യനാക്കിയ വിധിക്കു ഹൈക്കോടതി നൽകിയ സ്റ്റേയുടെ കാലാവധി അവസാനിച്ച നിലയ്ക്ക് അദ്ദേഹം നിയമസഭാംഗമല്ല. തമ്പാനൂർ രവിയുടെ കാര്യത്തിലുള്ള കീഴ്‌വഴക്കം നിലവിലുണ്ട്. സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം നടപ്പാക്കാൻ നിയമസഭയ്ക്കു കഴിയില്ല.
ശബരിമലയിൽ യുവതീപ്രവേശം നടപ്പാക്കുന്നതു തടയാൻ ശ്രമിക്കുന്നവർ ചരിത്രത്തെ പിന്നാക്കം നടത്താനാണു ശ്രമിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഷാജിയുടെ സ്റ്റേ ഹർജി തീർപ്പാക്കി
കൊച്ചി ∙ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതി വിധിക്കുമേൽ നൽകിയ സ്റ്റേ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഷാജി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിലാണു തീർപ്പാക്കിയത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സാവകാശം അനുവദിച്ചായിരുന്നു രണ്ടാഴ്ച സ്റ്റേ അനുവദിച്ചിരുന്നത്.