വാഹനമോടിച്ചത് ബാലഭാസ്കറെന്നു സാക്ഷിമൊഴി

ബാലഭാസ്കർ

തിരുവനന്തപുരം ∙ അപകട സമയത്ത് വാഹനമോടിച്ചത് സംഗീതജ്ഞൻ ബാലഭാസ്കർ തന്നെയെന്നു സാക്ഷി മൊഴി. സമീപവാസികളും രക്ഷാപ്രവർത്തകരുമാണ് മൊഴി നൽകിയത്. വാഹനമോടിച്ചത് ഡ‍്രൈവർ അർജുൻ ആണെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ബാലഭാസ്കറാണു വാഹനമോടിച്ചതെന്നു അർജുനും നേരത്തെ മൊഴി നൽകിയിരുന്നു.

സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. അപകടശേഷം ഡ്രൈവർ സീറ്റിൽ നിന്നാണ് ബാലഭാസ്കറിനെ ഗ്ലാസ് പൊട്ടിച്ച് പുറത്തേയ്ക്കെടുത്തതെന്ന് സമീപവാസികളും രക്ഷാപ്രവർത്തനകരും മൊഴി നൽകി. ലക്ഷ്മിയും മകളും മുൻ സീറ്റിലായിരുന്നു. ശബ്ദം കേട്ട് പിന്നാലെ വന്ന വാഹനങ്ങളിൽ നിന്നുള്ളവരും പുറത്തിറങ്ങിയിരുന്നു. ഇതിൽ കൊല്ലം സ്വദേശിയായ വ്യക്തിയും സമാന മൊഴിയാണ് നൽകിയത്. എന്നാൽ കൃത്യമായ നിഗമനത്തിനു കൂടുതൽപേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.

കൊല്ലത്ത് വാഹനം നിർത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കറാണു വാഹനമോടിച്ചതെന്നും താൻ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും അപകടശബ്ദം കേട്ട് ഞെട്ടിയുണർന്നുവെന്നുമാണ് ഡ്രൈവർ അർജുന്റെ മൊഴി. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് സി. കെ. ഉണ്ണി നൽകിയ പരാതി ഡിജിപി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.