‘അമ്മ’ പുതിയ പരാതി പരിഹാര സമിതി രൂപികരിച്ചിട്ടില്ലെന്ന്

കൊച്ചി∙ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണത്തെച്ചൊല്ലി അവ്യക്തത. സംഘടനയിൽ അംഗങ്ങളായ 4 നടിമാരെയും പുറത്തു നിന്നുള്ള അഭിഭാഷകയെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന നിലപാടിലാണ് അമ്മ നേതൃത്വം.

ഇതിൽ കഴമ്പില്ലെന്നും അമ്മയിൽ ഇത്തരമൊരു സമിതി നേരത്തെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു മനോരമയോടു പറഞ്ഞു. എന്നാൽ ആരൊക്കെയാണു സമിതി അംഗങ്ങളെന്നു വെളിപ്പെടുത്താനാവില്ല. ‘പുതുതായി സമിതി രൂപീകരിച്ചുവെന്ന വാർത്ത തെറ്റാണ്. നേരത്തെ തന്നെ സമിതി പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ ആഭ്യന്തര കാര്യമാണ്. അതു പുറത്തു പറയേണ്ട കാര്യമില്ല’ – ബാബു പറഞ്ഞു.