ശബരിമല: നിരോധനാജ്ഞ നാലു വരെ നീട്ടി; ജനുവരി 14 വരെ തുടരണമെന്നു പൊലീസ്

ശബരിമല∙ ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിലവിലുള്ള നിരോധനാജ്ഞ നാലുവരെ നീട്ടി. 16നു നട തുറക്കുന്നതിനു മുന്നോടിയായാണു നിരോധനാജ്ഞ ആദ്യം പ്രഖ്യാപിച്ചത്. ഇത് മൂന്നാം തവണയാണ് ദീർഘിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അറസ്റ്റും പ്രതിഷേധവും ചൂണ്ടിക്കാണിച്ചാണു നിരോധനാജ്ഞ നീട്ടിയത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മകരവിളക്കു കഴിയുന്ന ജനുവരി 14 വരെ നിരോധനാജ്ഞ തുടരണമെന്നാണു പൊലീസ് മേധാവിയുടെ ആവശ്യം. ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു ഗസറ്റ് വിജ്ഞാപനം വരും വരെ നിരോധനാജ്ഞ തുടരുന്നതാണു നല്ലതെന്നു ശബരിമല എഡിഎമ്മും റിപ്പോർട്ട് ചെയ്തിരുന്നു.

നിരോധനാജ്ഞയിൽ ഇളവുകൾ നൽകിയതിനാൽ തീർഥാടകർക്കു വലിയ ബുദ്ധിമുട്ടില്ലെന്നാണു പൊലീസിന്റെ പക്ഷം. വാഹന സഞ്ചാരത്തിനോ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള ദർശനത്തിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ നിരോധനാജ്ഞ തടസ്സമാകുന്നില്ലെന്നു പൊലീസ് പറയുന്നു.