കൊച്ചി∙ കേരള കോൺഗ്രസ് ( ബി ) യുമായുള്ള ലയനം എൻസിപിയെ കുഴച്ചുമറിക്കുന്നു. ലയനത്തോടു യോജിപ്പില്ലാത്ത എറണാകുളം ജില്ലാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റിനോടുപോലും ആലോചിക്കാതെ ദേശീയ നേതൃത്വം നീക്കിയതോടെ 11 ജില്ലാ പ്രസിഡന്റുമാർ പാർട്ടിനേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
ലയനം സംബന്ധിച്ചു 4 ന് അന്തിമചർച്ച നടക്കാനിരിക്കെ പാർട്ടിയിലെ പ്രതിഷേധം പൂർണമായും അവഗണിക്കാൻ എൻസിപി നേതൃത്വത്തിനു കഴിയാത്ത സ്ഥിതിയാണ്. ലയനചർച്ചകളിൽ സംസ്ഥാനനേതൃത്വത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്നു ചില നേതാക്കൾക്കു പരാതിയുണ്ട്. എൻസിപിയിൽ കാസർകോഡ്, ആലപ്പുഴ ജില്ലാ പ്രസിഡന്റുമാർ ഒഴികെയുള്ളവർ ലയനനീക്കത്തെ പൂർണമായും പിന്തുണയ്ക്കുന്നില്ല.
പാർട്ടി കമ്മിറ്റികൾ കൂടി തീരുമാനം അറിയിക്കാമെന്ന നിലപാട് ബാലകൃഷ്ണപിള്ള എടുത്തിട്ടും ലയനനീക്കം എൻസിപിയുടെ സംസ്ഥാനതലത്തിലുള്ള ഒരു കമ്മിറ്റിയിലും ഇതുവരെ ചർച്ചചെയ്തിട്ടില്ല. ദേശീയ ജനറൽ സെക്രട്ടറി ടി. പി. പീതാംബരൻ, ദേശീയ വർക്കിങ് കമ്മിറ്റിയംഗം എ.കെ. ശശീന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എന്നിവരെയാണു ലയനചർച്ചകൾക്കു എൻസിപി നിയോഗിച്ചിട്ടുള്ളത്.
6 ജില്ലാ പ്രസിഡന്റ് സ്ഥാനം, ഒരു വൈസ് പ്രസിഡന്റ്, 4 ജനറൽ സെക്രട്ടറിമാർ, 4 ബോർഡ് അംഗങ്ങൾ തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോൺഗ്രസി ( ബി )ന് ഉള്ളത്.
തുടർച്ചയായ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുട പേരിൽ ടി.പി. അബ്ദുൽ അസീസിനെ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുന്നുവെന്നാണ് ദേശീയ സെക്രട്ടറി എസ്.ആർ. കോലിയുടെ അറിയിപ്പ്. കഴിഞ്ഞ വർഷം എൻസിപി മൈനോറിറ്റി സെൽ നടത്തിയ കൺവൻഷൻ പരാജയപ്പെടുത്താൻ അസീസ് ശ്രമിച്ചുവെന്നതാണു കുറ്റം. പകരം പ്രസിഡന്റിനെ കണ്ടെത്തേണ്ട ചുമതല സംസ്ഥാന പ്രസിഡന്റിനല്ല, ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരനാണെന്നതും കൗതുകകരമാണ്.