തിരുവനന്തപുരം∙ ശബരിമലയിൽ നിരീക്ഷക സമിതിയെ നിയോഗിച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ശബരിമലയിൽ യുവതീപ്രവേശത്തിനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനാണ്. എന്നാൽ പല ഘട്ടങ്ങളിലും ഹൈക്കോടതി ഇടപെടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതി സമിതിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല. യുവതീപ്രവേശത്തെക്കുറിച്ചുള്ള ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നതിനോടും സർക്കാരിനു വിയോജിപ്പുണ്ട്. ഹർജികൾ സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെടും. സമിതിയുടെ ഇടപെടൽ ക്രമസമാധാനപാലനത്തെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് മുഖേന സുപ്രീം കോടതിയെ സമീപിക്കാനാണു സർക്കാർ ആലോചിക്കുന്നത്.
ജസ്റ്റിസ് പി.ആർ.രാമൻ, ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണു ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അംഗങ്ങൾ.