ബിജെപി: സമരക്കാരെ ശ്രീധരൻപിള്ള സംരക്ഷിക്കുന്നില്ലെന്ന് മറുപക്ഷം

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശ സമരങ്ങളുടെയും അടിക്കടിയുള്ള നിലപാടു മാറ്റത്തിന്റെയും പേരിൽ ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള സമരക്കാരെ സംരക്ഷിക്കുന്നില്ലെന്നും തുടരെ നിലപാടു മാറ്റുന്നെന്നും വി. മുരളീധരൻ പക്ഷം ദേശീയ നേതൃത്വത്തോടു പരാതിപ്പെട്ടു. എന്നാൽ, സമരം ചില ഘട്ടങ്ങളിൽ അതിരുവിട്ടെന്നും ചില നേതാക്കളുടെ പ്രശസ്തിക്കു വേണ്ടി മാത്രമായി സമരത്തെ ഉപയോഗപ്പെടുത്തിയെന്നുമാണ് ഒൗദ്യോഗിക പക്ഷത്തിന്റെ നിലപാട്. പരസ്പരവിരുദ്ധ നിലപാടുകളിൽ പൊറുതിമുട്ടിയാണു ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അയയ്ക്കുന്നത്. ഇവരുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ഇരുപക്ഷവും നിലപാടുകൾ അവതരിപ്പിക്കും.

ഭക്തരെ തടയുന്നതടക്കമുള്ള നടപടികൾ സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകൾ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരൻപിള്ള പക്ഷത്തിന്റെ നിലപാട്. എന്നാൽ, ഹിന്ദുക്കളെ ബിജെപിക്കു കീഴിൽ ഒരുമിപ്പിക്കാനുളള ഏക അവസരമാണിതെന്നും യുവതികളെ തടയുന്നതടക്കമുള്ള നടപടികൾ വേണമെന്നും മറുപക്ഷം നിലപാടെടുത്തതോടെ ശ്രീധരൻപിള്ള വഴങ്ങി. സമരം ദേശീയശ്രദ്ധ ആകർഷിച്ചതോടെ ഇൗ നിലപാടിനു പാർട്ടിയിൽ സ്വീകാര്യതയും ലഭിച്ചു.

എന്നാൽ, യുവതികൾ എത്താതിരുന്നിട്ടും അക്രമാസക്ത സമരം തുടരുന്നതു ജനപിന്തുണ നഷ്ടപ്പെടുത്തുമെന്നായപ്പോൾ ശ്രീധരൻപിള്ള പഴയ നിലപാടിലേക്കു മാറി. സഹനസമരമെന്ന ശൈലീമാറ്റത്തോടെ പ്രതിഷേധവേദി സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റാനും തീരുമാനിച്ചു. ഇതു തെറ്റാണെന്ന നിലപാടിലാണ് ഇപ്പോഴും എതിർപക്ഷം. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ 10 ദിവസം ജയിലിൽ കഴിഞ്ഞിട്ടും സംസ്ഥാന പ്രസിഡന്റ് സന്ദർശിക്കാത്തതിലെ അമർഷവും അവർക്കുണ്ട്. മാധ്യമങ്ങളിൽ വാർത്തയായ ശേഷമാണു പ്രസിഡന്റ് കാണാൻ പോയത്. സുരേന്ദ്രനു ജാമ്യം നേടിക്കൊടുക്കാൻ കഴിയാത്തതും പിടിപ്പുകേടായാണു പ്രചരിപ്പിക്കുന്നത്. 

മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ വൽസൻ തില്ലങ്കേരി, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെ പരാമർശമുണ്ടായപ്പോൾ പ്രസിഡന്റ് വേണ്ട രീതിയിൽ‌ പ്രതിരോധിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ശ്രീധരൻപിള്ള സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തരം അക്രമങ്ങൾ നടക്കില്ലായിരുന്നുവെന്നു മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടതായും അവർ‌ ചൂണ്ടിക്കാട്ടുന്നു. ദേശീയ നേതൃത്വത്തിന് അയച്ച പരാതിയിൽ ഇക്കാര്യങ്ങളെല്ലാം മുരളീധര പക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണു സൂചന.