തന്ത്രിമാർക്കെതിരെ മന്ത്രി സുധാകരൻ; തന്ത്രിമാരുമായി യുദ്ധമില്ലെന്നു മുഖ്യമന്ത്രി

പിണറായി വിജയൻ, ജി. സുധാകരൻ (ഫയൽചിത്രം)

ആലപ്പുഴ ∙ ശബരിമലയിലെ തന്ത്രിമാർക്കെതിരെ ആക്ഷേപ വർഷവുമായി മന്ത്രി ജി.സുധാകരൻ വീണ്ടും. ശബരിമലയിൽ പണിമുടക്കിയത് ബ്രാഹ്മണ പൂജാരിമാരാണ്. ഈശ്വര വിശ്വാസത്തെ അധികാരം നിലനിർത്താനുള്ള ആയുധമാക്കുകയാണവർ. ഏതു സാഹചര്യത്തിലാണെങ്കിലും ക്ഷേത്രത്തിൽ ധർണ നടത്താമോ? ഇവർക്കു ധർമശാസ്താവിനെ പൂജിക്കാൻ അവകാശമില്ല. ഇവരുടെ ഉള്ളു മുഴുവൻ കറുപ്പാണ്. ഇവർ മലയാളികളല്ല. ആന്ധ്രാപ്രദേശിൽ നിന്നു വന്നവരാണ്. അവർ ക്ഷേത്രകാര്യങ്ങളൊക്കെ നടത്തിക്കൊള്ളട്ടെ. പക്ഷേ, മര്യാദയ്ക്കു വേണം. – അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംഘടിപ്പിച്ച വില്ലുവണ്ടി യാത്രാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു മന്ത്രി പറഞ്ഞു.

തന്ത്രിമാരുമായി യുദ്ധമെന്ന ധാരണ തെറ്റ്: മുഖ്യമന്ത്രി

ആലപ്പുഴ ∙ തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചു എന്ന ധാരണ ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിമാരും മനുഷ്യരാണ്. അവരിൽ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാവാം. എന്നാൽ, പൊതുവേ അവർ സർക്കാരുമായി ഗുസ്തിക്കു പുറപ്പെടില്ല. ചില പ്രത്യേക താൽപര്യക്കാർക്ക് അവരിൽ ചിലരെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാം. ചിലർക്കു വഴിതെറ്റിയേക്കാം. എല്ലാവരും അങ്ങനെ നടക്കുന്നവരല്ല. തന്ത്രിമാർ ക്ഷേത്രങ്ങളുടെ പ്രധാന ചുമതലക്കാരാണ്. സർക്കാർ അതിലൊന്നും ഇടപെടുന്നുമില്ല. തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചു നടക്കുന്നെന്ന ധാരണ പരത്താൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിക്കുന്നതിനാലാണ് ഇതു വ്യക്തമാക്കുന്നത് – എൽഡിഎഫ് മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

വിവേചനത്തിന്റെ ഭാഗം: അക്കീരമൺ

തിരുവല്ല ∙ മന്ത്രി ജി. സുധാകരന്റെ ആക്ഷേപകരമായ വിമർശനം പൊതുവേ ഹൈന്ദവ വിശ്വാസ സമൂഹത്തോടു കാണിക്കുന്ന വിവേചനത്തിന്റെ ഭാഗമാണെന്ന് തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട സമഭാവനയും മിതത്വവും വളരെക്കാലമായി അദ്ദേഹം ലംഘിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ തന്ത്രി സമൂഹം കോടതിയെ സമീപിക്കും. ഹൈന്ദവ ക്ഷേത്രങ്ങളോടുള്ള അസഹിഷ്ണുത അപലപനീയമാണെന്നു ഭട്ടതിരിപ്പാട് പറഞ്ഞു.