വാളയാർ(പാലക്കാട്)∙ പൊലീസ് വേഷത്തിൽ ദേശീയപാതകളിലും ട്രെയിനുകളിലും കവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ. പാലക്കാട് കിണാശ്ശേരി തണ്ണിശ്ശേരി വാടപറമ്പു വീട്ടിൽ സുജീഷ്(സ്പിരിറ്റ് സുജി–29), ആലത്തൂർ ഇരട്ടക്കുളം നൊച്ചിപ്പറമ്പിൽ സുരേന്ദ്രൻ(മാമ–40), കോങ്ങാട് കുണ്ടലശ്ശേരി പാലേങ്ങാട്ടു പറമ്പിൽ സുലൈമാൻ(കാക്കി സുലി–49), കല്ലടിക്കോട് കരിമ്പ കമ്പിയിൽ ബിജു(കമ്പി ബിജു–37) എന്നിവരെയാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സ്വർണവ്യാപാരികളെ ഉൾപ്പെടെ ‘കസ്റ്റഡിയിലെടുത്ത്’ മർദിച്ച് അവശരാക്കി പണവും സ്വർണവും കവർന്ന സംഘമാണു പിടിയിലായത്. 3 വർഷത്തിനിടെ കോടികളുടെ സ്വർണവും പണവുമാണു പ്രതികൾ കവർന്നത്. ഇരയായവരിലേറെയും സ്വർണ വ്യാപാരികളും കുഴൽപ്പണം കടത്തുകാരുമായതിനാൽ പരാതി ലഭിച്ചിരുന്നില്ല. ഇതു മുതലെടുത്തായിരുന്നു കവർച്ച.
ഓഗസ്റ്റ് 29നു രാത്രി ചെന്നൈയിലേക്കുള്ള ആഡംബര ബസ് വാളയാറിൽ തടഞ്ഞുനിർത്തി തൃശൂർ സ്വദേശിയായ വ്യാപാരി ജോൺസന്റെ 1.25 കിലോ സ്വർണം കവർന്ന കേസിലെ അന്വേഷണമാണു പ്രതികളിലെത്തിയത്. ജോൺസൺ നികുതി വിധേയമായി കൊണ്ടുപോയ സ്വർണമാണു രണ്ടു കാറുകളിലെത്തിയ ഏഴംഗ സംഘം കവർന്നത്. വ്യാപാരിയെ മർദിച്ചു വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.