കോഴിക്കോട്∙ വനിതാ മതിൽ പണിയാൻ സർക്കാർ ഏതു പണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പ്രളയാനന്തര പുനർനിർമാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നത്? മതിൽ പണിയാനായി വിളിച്ച യോഗത്തിൽ ഒരു നേതാവ് പറഞ്ഞത്, ഇതിൽ പങ്കുചേരാത്തവർ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടിൽപോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാൽ മകൻ കേന്ദ്രത്തിനൊപ്പവും അച്ഛൻ സംസ്ഥാന സർക്കാരിനൊപ്പവുമാണ് നിൽക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ശബരിമലയിൽ അടിസ്ഥാന സൗകര്യമേർപ്പെടുത്താൻ കഴിയാത്ത സർക്കാർ തീർഥാടകരുടെ എണ്ണം കുറയ്ക്കാനാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസം 5 ലക്ഷം പേർ വീതമെത്തിയിരുന്ന ശബരിമലയിലേക്ക് ഇതുവരെ മൊത്തം 9 ലക്ഷം പേരാണെത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പോലും വേണ്ടെന്നു വച്ച് ചെലവുചുരുക്കിയവർ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ആർഭാടമാണു കാണിച്ചത്.
ഇതുവരെ സ്കൂൾ കലോത്സവങ്ങൾ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തുവന്നത്. ഇത്തവണ പിണറായി വിജയൻ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. കവിത കോപ്പിയടിച്ച ആളെയാണ് കുട്ടികളുടെ മത്സരം വിലയിരുത്താൻ സർക്കാർ ഏൽപിച്ചതെന്നും മുരളീധരൻ പറഞ്ഞു.