കണ്ണൂരിൽ ഒരു വിമാനത്താവളം എന്ന മോഹത്തിനും ശ്രമത്തിനും 100 വർഷത്തെ പഴക്കം. 1919 സെപ്റ്റംബർ 16ന് മലയാള മനോരമയിലെ വാർത്ത ഇങ്ങനെ: വ്യോമയാനയാത്രക്കായിട്ടുള്ള പല ഏർപ്പാടുകൾ ഇപ്പോൾ പലേടത്തു ചെയ്തുപോരുന്നുണ്ടല്ലോ. എന്നാൽ, കണ്ണൂരും വ്യോമയാനത്തിന്റെ ഒരു സങ്കേതസ്ഥാനമായിരിക്കുമെന്നറിയുന്നു. ഇതിന്നായി, ഒരു സ്ഥലം ഇവിടെ കണ്ടുപിടിപ്പാൻ പല ദിക്കിലുമായി പരിശോധന നടത്തിവരുന്നുണ്ട്. (16.09.1919)
1996ൽ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയുടെ മന്ത്രിസഭയിൽ, കണ്ണൂരിൽ കുടുംബവേരുകളുള്ള സി.എം. ഇബ്രാഹിം വ്യോമയാന മന്ത്രിയായി. കണ്ണൂരുകാരനായ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും ഗതാഗതമന്ത്രി പി.ആർ. കുറുപ്പും സജീവമായി രംഗത്തിറങ്ങി. 1996 ഡിസംബർ 20ന് കോഴിക്കോട്ട് മലബാർ മഹോത്സവത്തിലെ പ്രസംഗത്തിനിടെ കണ്ണൂരിൽ വിമാനത്താവളം സ്ഥാപിക്കുമെന്നു സി.എം.ഇബ്രാഹിം പ്രഖ്യാപിച്ചു.
1998 കേരളത്തിൽ നാലാമതൊരു വിമാനത്താവളം ആവശ്യമുണ്ടോ? പലവിധ എതിർപ്പുകൾ. പ്രവർത്തനം മന്ദഗതിയിലായി. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ രക്ഷാധികാരിയും മന്ത്രി പിണറായി വിജയൻ ചെയർമാനുമായി 101 അംഗ ആക്‌ഷൻ കമ്മിറ്റി.
1998 പദ്ധതി നടത്തിപ്പിനു നോഡൽ ഏജൻസിയായി കിൻഫ്ര. കണ്ണൂർ ടൗണിൽനിന്ന് 30 കിലോമീറ്റർ അകലെ, മട്ടന്നൂരിനു സമീപം മൂർഖൻ പറമ്പിൽ ഭൂമി ഏറ്റെടുക്കുന്നതിനു നടപടികൾ തുടങ്ങി. വൈകാതെ പ്രവർത്തനം മരവിച്ചു; 2001 ജൂണിൽ ഭൂമി ഏറ്റെടുക്കൽ ഓഫിസ് നിർത്തലാക്കി.
2003 കേന്ദ്രാനുമതി ലഭിച്ചാൽ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി (ജൂൺ). സജീവപരിഗണനയിലെന്ന് അന്നത്തെ കേന്ദ്ര വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡി (സെപ്റ്റംബർ)
2004 കണ്ണൂരിൽ വിമാനത്താവളം സ്ഥാപിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുൽ പട്ടേൽ ലോക്സഭയിൽ (ഡിസംബർ)
2005 സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ തീരുമാനിച്ചതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. (മാർച്ച്). സ്പെഷൽ ഓഫിസറെ നിയമിച്ചു; നിർദേശങ്ങൾ സമർപ്പിക്കാൻ, കണ്ണൂർ സ്വദേശി കൂടിയായ വ്യവസായപ്രമുഖൻ ക്യാപ്‌റ്റൻ സി.പി. കൃഷ്‌ണൻ നായരെ ചുമതലപ്പെടുത്തി. പുതിയ രൂപരേഖ ജൂലൈയിൽ തയാറാക്കി
2006 വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു.
2007 പ്രതിരോധ വകുപ്പിന്റെ അനുമതി. (മാർച്ച്). മൂർഖൻപറമ്പിൽ 1,091 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം.
2008 കേന്ദ്രാനുമതി (ജനുവരി). ബിഒടി അടിസ്ഥാനത്തിൽ നിർമിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം (മേയ്)
2009 കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) നിലവിൽ വന്നു (ഡിസംബർ).
2010 മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടു (ഡിസംബർ 17)
2012 ഓഹരി മൂലധന സമാഹരണത്തിനായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി നിലവിൽ വന്നു (ഏപ്രിൽ). വിമാനത്താവളത്തിനു കണ്ടെത്തിയ സ്ഥലത്തിന് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) അനുമതി.
2013 പരിസ്ഥിതി അനുമതി (ജൂലൈ).
2014 റൺവേ നിർമാണോദ്ഘാടനം കേന്ദ്രമന്ത്രി എ.കെ.ആന്റണി നിർവഹിച്ചു (ഫെബ്രുവരി). ടെർമിനൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു (ജൂലൈ).
2016 റൺവേ പൂർണമായി (3050 മീറ്റർ). പരീക്ഷണാടിസ്ഥാനത്തിൽ വിമാനം ഇറക്കി. പരീക്ഷണപ്പറക്കൽ വിജയം (ഫെബ്രുവരി 29). അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം.
2017 സെപ്റ്റംബറിൽ ഉദ്ഘാടനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം.(ഏപ്രിൽ). കസ്റ്റംസ് അംഗീകാരം (ജൂലൈ).
ടെർമിനൽ, നിർമാണം 90% പൂർത്തിയായെന്ന് അന്നത്തെ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതിരാജു ലോക്സഭയിൽ. (ഓഗസ്റ്റ്).
റൺവേ 4000 മീറ്റർ ആക്കാൻ സർവേ (ഡിസംബർ). സാധാരണക്കാർക്കു വിമാനയാത്ര പര്യാപ്തമാക്കാനുള്ള ഉഡാൻ പദ്ധതിയിൽ കണ്ണൂരിനെ ഉൾപ്പെടുത്തി ധാരണാപത്രം (ഡിസംബർ).
2018 സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ (ഡിജിസിഎ) ലൈസൻസ് (ഒക്ടോബർ 4).
ഡിസംബർ 9ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനം (ഒക്ടോബർ 5). ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പ്രത്യേക വിമാനത്തിൽ വന്നിറങ്ങി (ഒക്ടോബർ 27).
വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ആദ്യ വിമാനത്തിനു കൊടിവീശി (ഡിസംബർ 9)