തൃശൂർ∙ കോർപറേഷൻ മേയറായി സിപിഐയിലെ അജിത വിജയൻ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ സിപിഐയുടെ ആദ്യ മേയറാണ് അജിത വിജയൻ. 55ൽ 27 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുബി ബാബു 21 വോട്ടു നേടി. ബിജെപി വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എൽഡിഎഫിന്റെ 26 വോട്ടിനൊപ്പം സ്വതന്ത്രൻ പി.റാഫി ജോസും അജിതയ്ക്കു വോട്ടുചെയ്തു. യുഡിഎഫിന് 22 വോട്ടുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് നേതാവ് സി.എൻ.ബാലകൃഷ്ണന്റെ മകളും കൗൺസിലറുമായ സി.ബി.ഗീത അച്ഛന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ എത്തിയില്ല.
ബിജെപി കൗൺസിലർമാരായ വി. രാവുണ്ണിയും വിൻഷി അരുൺകുമാറും ചടങ്ങിൽ പങ്കെടുത്തെങ്കിലും വോട്ടുചെയ്തില്ല. കലക്ടർ ടി.വി.അനുപമ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജിത വിജയന്റെ പേര് മുൻ മേയർ അജിത ജയരാജനാണു നിർദേശിച്ചത്. ഷീബ ബാബു പിന്താങ്ങി. പ്രതിപക്ഷ സ്ഥാനാർഥി സുബി ബാബുവിനെ ജയ മുത്തിപ്പീടിക നിർദേശിച്ചു. ലാലി ജയിംസ് പിന്താങ്ങി. മന്ത്രി വി.എസ്. സുനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അജിത വിജയന്റെ കുടുംബാംഗങ്ങൾ എന്നിവർ അനുമോദന സമ്മേളനത്തിനെത്തി.