വള്ളികുന്നം (ആലപ്പുഴ) ∙ ‘പെരുന്തച്ചൻ’ എന്ന ഒറ്റ സിനിമകൊണ്ടു പ്രതിഭയുടെ വിസ്മയം തീർത്ത സംവിധായകൻ അജയൻ (66) അന്തരിച്ചു. നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനാണ്. അർബുദരോഗത്തിനു ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ മുന്നരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ രാവിലെ 9നു തിരുവനന്തപുരം കലാഭവനിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ടു 4 നു വള്ളികുന്നത്തെ വീട്ടുവളപ്പിലാണു സംസ്കാരം.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം അരവിന്ദൻ, ഭരതൻ, പത്മരാജൻ എന്നിവരുമായുള്ള അടുപ്പമാണ് അജയനെ സിനിമയിൽ സജീവമാക്കിയത്. സഹസംവിധായകനായി ഏറെ സിനിമകളിൽ പ്രവർത്തിച്ചശേഷം എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുക്കിയ ‘പെരുന്തച്ചൻ’ മികച്ച നവാഗത സംവിധായകനുള്ള പ്രഥമ ഇന്ദിരാഗാന്ധി പുരസ്കാരത്തിന് അർഹനാക്കി. എംടിയുടെ തന്നെ തിരക്കഥയിൽ ‘മാണിക്യക്കല്ല്’, തോപ്പിൽ ഭാസിയുടെ ആത്മകഥയായ ‘ഒളിവിലെ ഓർമകൾ’ എന്നിവ സിനിമയാക്കാൻ തയാറെടുപ്പുകൾ നടത്തിയെങ്കിലും ഫലവത്തായില്ല. അമ്മിണിയമ്മയാണു മാതാവ്. ഭാര്യ: ഡോ. സുഷമ. മക്കൾ: പാർവതി (യുഎസ്), ലക്ഷ്മി (അധ്യാപിക, കണ്ണൂർ വിമൽ ജ്യോതി എൻജിനീയറിങ് കോളജ്). മരുമക്കൾ: ബിജിത്ത് (യുഎസ്), ഹരി (എൻജിനീയർ, കണ്ണൂർ). മൃതദേഹം മോർച്ചറിയിൽ.