കൂടുതൽ രംഗങ്ങളിൽ സഹകരണത്തിന് കത്തോലിക്കാ– യാക്കോബായ സഭകൾ

കൊച്ചി∙ സഹകരണത്തിന്റെ കൂടുതൽ മേഖലകൾ തേടാൻ കത്തോലിക്കാ – യാക്കോബായ സഭകളുടെ ദൈവശാസ്ത്ര സമിതി സമ്മേളനം തീരുമാനിച്ചു. നിബന്ധനകൾക്കു വിധേയമായി കൂദാശകളും പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കാൻ രൂപപ്പെടുത്തിയ പൊതുധാരണയുടെ തുടർച്ചയായാണു പ്രത്യേക യോഗം ചേർന്നത്. സഭാന്തര വിവാഹത്തെക്കുറിച്ച് ഇരു സഭകളും ചേർന്നു പൊതു മാർഗനിർദേശങ്ങൾക്കു രൂപം നൽകി.

സഭകളുടെ ഐക്യത്തിനായുള്ള വത്തിക്കാനിലെ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ് ബ്രയാൻ ഫാരൽ, യാക്കോബായ സഭാ എക്യുമെനിക്കൽ സമിതി പ്രസിഡന്റ് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ നേതൃത്വം നൽകി. ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ, ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, ഡോ. മാത്യൂസ് മാർ അന്തീമോസ്, ഡോ. ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, ഡോ. കുര്യാക്കോസ് മൂലയിൽ കോറെപ്പിസ്കോപ്പ, ഫാ. ഡോ. ജേക്കബ് തെക്കേപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.