റാന്നി ∙ ജനൽകമ്പി വളച്ചു പുലർച്ചെ സ്വർണമാല മോഷ്ടിച്ചു സ്കൂട്ടറിൽ പാഞ്ഞയാളെ വീട്ടമ്മ സ്കൂട്ടറിൽ പിന്തുടർന്നു തൊഴിച്ചു താഴെയിട്ടു. മൽപിടിത്തത്തിനിടെ കടന്നുകളഞ്ഞ കള്ളൻ പിന്നീടു നാട്ടുകാരുടെ പിടിയിലായി.
വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളൻപാറ തടത്തിൽ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണു പുലർച്ചെ 3 മണിയോടെ കള്ളനെ പിന്തുടർന്നത്. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പിൽ ബാലേഷാണു (35) പിടിയിലായത്. കിടപ്പുമുറിയിലെ ജനാൽ കമ്പി വളച്ച് അകത്തുകടന്ന കള്ളൻ നാലര പവന്റെ മാലയാണു കൈക്കലാക്കിയത്. ഇതിനിടെ ഉണർന്ന ഷോജി പുറത്ത് ആളു നിൽക്കുന്നതു കണ്ടു നോക്കിയപ്പോൾ മാല നഷ്ടപ്പെട്ടെന്നു മനസ്സിലായി. ഓടിപ്പോയ കള്ളൻ സ്കൂട്ടറിൽ പറപറന്നു.
ഭർത്താവിനോടു പറഞ്ഞശേഷം സ്കൂട്ടറുമെടുത്തു ഷോജി പിന്നാലെ വിട്ടു. 4 കിലോമീറ്റർ അകലെ മാടമൺ വള്ളക്കടവിനു സമീപത്തെ കട്ടിങ്ങിലെത്തിയപ്പോൾ ഷോജി ബാലേഷിന്റെ സ്കൂട്ടറിൽ തൊഴിച്ചതോടെ ബാലേഷ് വീണു. സ്കൂട്ടർ നിർത്തി ചാടിയിറങ്ങിയ ഷോജിയും ബാലേഷുമായി മൽപിടുത്തമുണ്ടായി. ഇതിനിടെ ചുരിദാർ കീറി. ഷോജി അൽപം പരിഭ്രമിച്ച തക്കം നോക്കി കള്ളൻ സ്കൂട്ടറുമെടുത്തു കടന്നു. ഇതിനിടെ കള്ളന്റെ മൊബൈൽ ഫോൺ ഷോജി കൈക്കലാക്കിയിരുന്നു. സഹായം തേടി ഷോജി ഉറക്കെ വിളിച്ചെങ്കിലും സമീപവാസികൾ എത്തിയപ്പോഴേക്കും കള്ളൻ സ്ഥലം വിട്ടിരുന്നു. തുടർന്ന് ഭർത്താവിനെ വിളിച്ചുവരുത്തി ഷോജി മടങ്ങി.
പുലർച്ചെ നടക്കാനിറങ്ങിയ ചൂരക്കുഴി സ്വദേശി അജി പണിക്കരാണു സംഭവം നടന്ന ഭാഗത്തു സംശയ സാഹചര്യത്തിൽ ബാലേഷിനെ കണ്ടത്. തുടർന്നു സമീപവാസികളെ വരുത്തി തടഞ്ഞുവച്ചു. ഷോജി ആളെ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വരുത്തി കൈമാറി. ബാലേഷിന്റെ സ്കൂട്ടറിൽ നിന്നു മാല പൊലീസ് കണ്ടെടുത്തു. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ കുടുംബാംഗമായ ഷോജി കള്ളനെ പിടിക്കുന്നത് ഇതാദ്യമല്ല. രാവിലെ 6 മണിയോടെ മൊബൈൽ ഫോൺ തട്ടിയെടുത്ത ബംഗാളിയെ 3 കിലോമീറ്റർ യാത്ര ചെയ്തു മുൻപു പിടികൂടിയിരുന്നു. വടശേരിക്കരയിൽ ചിക്കൻ സെന്റർ നടത്തുകയാണു ഷിബു. ഷാനയും കൃപയുമാണു മക്കൾ.