Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലന്റെ നവോത്ഥാന മതിൽ; മുനീറിന്റെ വർഗീയ മതിൽ

Kerala Legislative Assembly

പൈപ്് എന്ന വാക്കു കേട്ടാൽ ഒരു പുകവലിക്കാരന്റെയും പ്ലമറുടെയും സംഗീത വിദ്വാന്റെയും മനസ്സിൽ വ്യത്യസ്തമായ അർഥങ്ങളാണു നിറയുക. അതുപോലെ തന്നെയാണു ജനുവരി ഒന്നിനു നടക്കാൻ പോകുന്ന വനിതാ മതിലിന്റെയും കാര്യം. മുഖ്യമന്ത്രിക്ക് അത് അഭിമാന മതിലാണ്. മന്ത്രി എ.കെ.ബാലന് അതു നവോത്ഥാന മതിലാണ്. എം.കെ.മുനീറിനാകട്ടെ അതു കേവലം വർഗീയ മതിലും. വർഗീയ മതിൽ എന്ന പരാമർശം സഭ്യേതരമാണെന്നും അതു ഭരണഘടനാ വിരുദ്ധമാണെന്നും എ.കെ.ബാലൻ ക്രമപ്രശ്നം ഉന്നയിച്ചു. എന്നാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അതിൽ ക്രമവും പ്രശ്നവുമൊന്നും കണ്ടില്ല.

അകത്തളങ്ങളിൽ എരിഞ്ഞു തീർന്നവർ, പണിയിടങ്ങളിൽ പിടഞ്ഞു വീണവർ, കാമഭ്രാന്തിന് ഇരയായവർ എന്നു തുടങ്ങി പോയ നൂറ്റാണ്ടിലെ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ വിവരിച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ.മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകിയത്. പുളികുടി കല്യാണം, തിരണ്ടു കല്യാണം തുടങ്ങിയ അനാചാരങ്ങളുടെയും ഘോഷാ ബഹിഷ്കരണം, ചാന്നാർ കലാപം തുടങ്ങിയവ എടുത്തു പറഞ്ഞ് അദ്ദേഹം പ്രസംഗത്തിനു സ്പെഷൽ ഇഫക്ട്സ് വർധിപ്പിച്ചു.

തുടർന്നു സംസാരിച്ച മുനീർ വനിതാ മതിലിനു വർഗീയ മതിലിനപ്പുറമുള്ള പ്രാധാന്യമൊന്നും കൽപിച്ചില്ല. പക്ഷേ മുനീർ കേരളത്തിലെ സ്ത്രീകളെ വർഗീയവാദികളെന്ന് ആക്ഷേപിച്ചുവെന്ന് ആരോപിച്ചു ഭരണപക്ഷത്തെ മിക്കവാറും പേർ മുൻനിരയിലെത്തി ബഹളം തുടങ്ങി. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും പരാമർശം പിൻവലിക്കുന്ന പ്രശ്നമില്ലെന്നും മുനീർ പ്രഖ്യാപിച്ചതോടെ ഭരണപക്ഷത്തിന്റെ ബഹളം ഹൈ ഡെസിബെല്ലിലായി.

അതോടെ സ്പീക്കർ സഭ നിർത്തിവച്ചു. ഭരണപക്ഷത്തിന്റെ ഇടപെടൽ മൂലം സഭ നിർത്തിവയ്ക്കേണ്ടി വന്ന അപൂർവാവസരം. വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ വാക്കുകളിൽ ഒരു ചാഞ്ചാട്ടം പ്രകടമായി. മുനീർ പരാമർശം പിൻവലിക്കുന്നുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. ഇല്ലെന്നും താൻ ഓടുപൊളിച്ചു വന്നതല്ലെന്നും പറയാനുള്ളതു പറഞ്ഞിട്ടേ പോകൂവെന്നുമായി മുനീർ. രേഖ പരിശോധിച്ചു വേണ്ടതു ചെയ്യാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ഭരണപക്ഷത്തിനു തൃപ്തിയായില്ല. അവർ ബഹളം ഉച്ചസ്ഥായിലാക്കി. എന്നാൽ മുനീർ പറയാനുള്ളതു മുഴുവൻ പറയുക തന്നെ ചെയ്തു.

വർഗീയ വാദികളായ വെള്ളാപ്പള്ളി നടേശനും സി.പി. സുഗതനും കെട്ടുന്ന മതിൽ എങ്ങനെ നവോഥാന മതിലാകുമെന്ന് അദ്ദേഹം ചോദിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ സംഘടനകളെ ഒഴിവാക്കിപ്പണിയുന്ന മതിൽ എങ്ങനെ മതേതര മതിലാകും? നവോഥാനത്തിനു സംഭാവന അർപിച്ച മുസ്‌ലിം, ക്രിസ്ത്യൻ നേതാക്കളെ മുഖ്യമന്ത്രി പരാമർശിക്കാത്തതെന്ത്..... എന്നിങ്ങനെ പോയി മുനീറിന്റെ ചോദ്യങ്ങൾ. ഭരണപക്ഷത്തിന്റെ ബഹളത്തിനിടയിൽ സ്പീക്കർ മറ്റു നടപടിക്രമങ്ങളിലേക്കു കടന്നു. പ്രതിപക്ഷം സഭ വീണ്ടും ബഹിഷ്കരിച്ചു. നേരത്തെ ചോദ്യോത്തര വേളയും അവർ ബഹിഷ്കരിച്ചിരുന്നു.

സഭ വിടാനൊരുങ്ങിയ പ്രതിപക്ഷത്തെ ഭരണപക്ഷത്തെ ചിലർ പ്രകോപിച്ചു. ഇരുകൂട്ടരും തമ്മിൽ ഉന്തുംതള്ളും മുറയ്ക്കു നടന്നു. ആക്രോശങ്ങൾക്കും വെല്ലുവിളികൾക്കുമിടയിൽ ഏതു നിമിഷവും അടിപൊട്ടുമെന്നു തോന്നി. എന്നാൽ വിവേകം പൂർണമായി നഷ്ടപ്പെടാത്ത ഇരുപക്ഷത്തുമുള്ളവരുടെ ഇടപെടൽ അതൊഴിവാക്കി. മന്ത്രി ഇ.പി.ജയരാജൻ കേരളത്തിൽ കായികരംഗത്തെ അവസാനവാക്കാണ്. മുൻ ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിനു വേണ്ടി ഒരുപാടു സ്വർണമെഡൽ നേടിയ താരമാക്കിയ മന്ത്രി ഇത്തവണ എം.എൻ.വിജയനെ പ്രമുഖ ഫുട്ബോൾ താരമാക്കിയാണു കായിക പ്രബുദ്ധത പ്രകടമാക്കിയത്. താൻ ഐ.എം.വിജയനോടൊപ്പം ഫുട്ബോൾ കളിച്ചിട്ടുണ്ടെന്നു കോവൂർ കുഞ്ഞുമോൻ പറഞ്ഞപ്പോഴാണു ജയരാജൻ എം.എൻ.വിജയന്റെ അറിയപ്പെടാത്ത ഒരു കഴിവു വെളിപ്പെടുത്തിയത്.

ഇന്നത്തെ വാചകം

∙ 'യുഡിഎഫ് നിയമസഭാ കക്ഷിയിൽ വനിതകളില്ലെങ്കിലും യുഡിഎഫ് വനിതാ സംഘടനകൾക്കു വനിതാ മതിലിൽ പങ്കെടുക്കാം. ഇതിനെ എതിർക്കുന്നവരെ ചരിത്രം ചവറ്റുകുട്ടയിൽ എറിയും' - മുഖ്യമന്ത്രി പിണറായി വിജയൻ