കൊച്ചി∙ ബ്യൂട്ടി സലൂണിനു മുൻപിൽ വെടിവയ്പു നടന്ന കേസിന്റെ അന്വേഷണം സലൂൺ ഉടമയും നടിയും സാമ്പത്തിക വഞ്ചനാ കേസിലെ പ്രതിയുമായ ലീന മരിയ പോളിന്റെ മൊഴിയെ ആശ്രയിച്ചിരിക്കുമെന്ന നിലപാടിൽ പൊലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കടവന്ത്രയിലെ ‘നെയ്ൽ ആർടിസ്ട്രി’ എന്ന സലൂണിൽ ശനിയാഴ്ച ഉച്ചയ്ക്കു 2.50നാണു വെടിവയ്പുണ്ടായത്.
ബൈക്കിൽ എത്തിയ 2 പേർ വെടിവച്ച ശേഷം കടന്നുകളഞ്ഞതായാണു പൊലീസിന്റെ നിഗമനം. 2 പേരും ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നു. ഒരാൾ ബൈക്കിനടുത്തു തന്നെ നിന്നു. രണ്ടാമൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സലൂണിലേക്കുള്ള ചവിട്ടുപടികളിൽ വച്ച് എയർപിസ്റ്റൾ കൊണ്ടു വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കടന്നുകളഞ്ഞു. 5 മിനിട്ടിനകം ഇതെല്ലാം കഴിഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. ബൈക്കിന്റെ നമ്പറിനായി നഗരത്തിലെ മറ്റു സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് വ്യാപകമായി പരിശോധിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഇന്നലെ ഹാജരാകാമെന്നാണു പറഞ്ഞതെങ്കിലും ലീന എത്തിയില്ല. െവടിവച്ച് ഒച്ചയുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നതിലൂടെ എന്താണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു വ്യക്തമല്ല. അധോലോക കുറ്റവാളി രവി പൂജാരിയുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസ് അക്രമികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒച്ച മാത്രമുണ്ടാക്കി കടന്നുകളഞ്ഞതും രവി പൂജാരിയുടെ പേര് എഴുതിയിട്ടതുമൊക്കെ നാടകമാണോയെന്നു പൊലീസ് സംശയിക്കുന്നു. ഇത്തരം ചെറിയ കേസുകളിൽ രവി പൂജാരിയുടെ സംഘം ഇടപെടാൻ ഇടയില്ലെന്നാണു പൊലീസ് കരുതുന്നത്.
രവി പൂജാരി
മംഗളൂരുവിൽ വേരുകളുള്ള അധോലോക കുറ്റവാളി. ഇയാൾക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ട്. ദാവൂദ് ഇബ്രാഹിമിനെ പോലെ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്താണു തുടക്കം. ഇപ്പോൾ ഓസ്ട്രേലിയയിൽ കഴിയുന്നതായാണു സൂചന. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തെ ഒതുക്കാനും വിവരം ചോർത്താനും മുംബൈ പൊലീസും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും രവി പൂജാരിയുടെ സംഘത്തെ ഉപയോഗിക്കാറുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില വ്യാപാരികളുടെ വീടിനു നേരെ വെടിയുതിർത്തു ഭീഷണി മുഴക്കിയതു രവി പൂജാരിയുടെ സംഘമാണെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇതിനു തെളിവില്ല.