സലൂണിൽ ഉപേക്ഷിച്ച കുറിപ്പിലെ ഹിന്ദിക്ക് മലയാളി ടച്ച്; കയ്യക്ഷരം പരിശോധിക്കാൻ പൊലീസ്

പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ‌ (ഇടത്), ലീന മരിയ പോൾ (വലത്)

കൊച്ചി ∙ കടവന്ത്രയിലെ വെടിവയ്പ് നാടകത്തിന്റെ ‘സ്ക്രിപ്റ്റ്’ മലയാളിയുടേതോ? സംഭവ സ്ഥലത്തു രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധർ പരിശോധിക്കും. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങൾ മലയാളികൾ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്ന നിഗമനമാണ് അന്വേഷണത്തിനു ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്.

ഹിന്ദി മാതൃഭാഷയായിട്ടുള്ളവർ ര,വ,പ,ജ എന്നീ അക്ഷരങ്ങൾ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണു പൊലീസ് ഒരുങ്ങുന്നത്. തട്ടിപ്പു കേസിൽ ന്യൂഡൽഹിയിൽ ജയിലിലായ സുകാഷ് ചന്ദ്രശേഖറെ ജയിലിനുള്ളിൽ സഹായിക്കുന്നത് രവി പൂജാരിയുടെ സംഘത്തിൽ ഉൾപ്പെട്ട ക്രിമിനലുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചട്ടുണ്ട്. ഈ സൗഹൃദം സുകാഷിന്റെ പ്രധാനമേഖലയായ ഹവാല ഇടപാടുകൾക്ക് ഇരുകൂട്ടരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇതു സംബന്ധിച്ച തർക്കങ്ങൾക്കും സാധ്യതയുണ്ട്. സുകാഷിന്റെ അടുത്ത കൂട്ടുകാരിയാണു ലീന മരിയ പോൾ.

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ തിരിച്ചു കിട്ടാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർക്ക് 50 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്ത കേസിൽ പണം കൈമാറാൻ ശ്രമിച്ചതു കൊച്ചിയിലാണ്. ഈ കേസിൽ സുകാഷിനെ തെളിവെടുപ്പിനു കൊച്ചിയിൽ കൊണ്ടുവന്നപ്പോൾ ലീനയും സുകാഷും തമ്മിൽ കണ്ടതായും പൊലീസിനു വിവരം ലഭിച്ചു.

ലീനയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി∙ ‘നെയ്ൽ ആർടിസ്ട്രി’ ബ്യൂട്ടി സലൂണിൽ വെടിയുതിർത്ത കേസിൽ സലൂൺ ഉടമയും നടിയുമായ ലീന മരിയ പോളിന്റെ മൊഴി പ്രത്യേകാന്വേഷണ സംഘം രേഖപ്പെടുത്തി. കമ്മിഷണർ എം.പി.ദിനേശിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ യോഗത്തിനു ശേഷം ഇന്നലെ സന്ധ്യയോടെയാണു ലീനയുടെ താമസ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. പൊലീസിന്റെ ആവശ്യപ്രകാരമാണു ലീന കൊച്ചിയിലെത്തിയത്.

സിറ്റി സൗത്ത് ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിക്കുന്നത്. ലീനയുടെ മൊഴി കേസിൽ നിർണായകമാണെന്ന നിലപാടിലാണു പൊലീസ്. സംഭവ സ്ഥലത്തു നിന്നു പൊലീസ് ഒരു ലോഹച്ചീള് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് എയർപിസ്റ്റളിൽ ഉപയോഗിക്കുന്ന പെല്ലെറ്റാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ഫൊറൻസിക് വിഭാഗം പരിശോധിച്ചു വരികയാണെന്നും കേസിന്റെ മേൽനോട്ടം വഹിക്കുന്ന തൃക്കാക്കര അസി. കമ്മിഷണർ പി.പി.ഷംസ് അറിയിച്ചു. വെടിയുതിർത്ത 2 പേരെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

റിഹേഴ്സൽ നടത്തിയ ശേഷം വെടിവയ്പ്

കൊച്ചി ∙ സാമ്പത്തിക വഞ്ചനക്കേസിൽ അന്വേഷണം നേരിടുന്ന നടി ലീനാ മരിയാ പോളിന്റെ (31) ബ്യൂട്ടി സലൂണിൽ വെടിയുതിർത്ത രണ്ടംഗ സംഘം സംഭവത്തിനു തലേന്നു രാത്രിയും സലൂണിന്റെ പരിസരത്ത് എത്തിയിരുന്നതായി സൂചന. സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പൊലീസ് ഇതു സംബന്ധിച്ച കൃത്യമായ നിഗമനത്തിൽ എത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ വെടിവയ്പു നാടകത്തിന്റെ റിഹേഴ്സൽ പ്രതികൾ തലേന്നു രാത്രി നടത്തിയതിനുള്ള സൂചനകളാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്നത്.

കടവന്ത്രയിൽ ലീനയുടെ സലൂണിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീൻവിൽപന കേന്ദ്രത്തിനു മുന്നിൽ സ്ഥാപിച്ച രണ്ടു ക്യാമറകളിൽ ഒന്നിനു സംഭവിച്ചിട്ടുള്ള ദിശാമാറ്റവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ക്യാമറയിൽ പതിഞ്ഞ വിരലടയാളങ്ങളും ശേഖരിച്ചു. സംഭവത്തിനു ദിവസങ്ങൾക്കു മുൻപു കൊച്ചിയിലെത്തിയ വൻതുകയുടെ കുഴൽപ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണു വെടിവയ്പു നാടകത്തിനു വഴിയൊരുക്കിയതെന്നാണു പൊലീസിന്റെ നിഗമനം. 

ലീനയുടെ സ്ഥാപനത്തിലെ കാവൽക്കാർക്കു നേരെ എയർപിസ്റ്റൾ പ്രയോഗിച്ച അക്രമികൾ മുംബൈ അധോലോക ക്രിമിനൽ രവി പൂജാരിയുടെ പേര് ഹിന്ദിയിൽ കുറിച്ച കടലാസു കഷണം കാവൽക്കാർ കാൺകെ കെട്ടിടത്തിന്റെ ചവിട്ടുപടിയിൽ ഉപേക്ഷിച്ചതു സംഭവത്തിനു വാർത്താ പ്രാധാന്യം ലഭിക്കാൻ വഴിയൊരുക്കി. നോട്ടു നിരോധനത്തിനു ശേഷം കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന കുഴൽപ്പണ കൈമാറ്റം മുൻകാലങ്ങളേക്കാൾ വർധിച്ചതായി കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. 

മുൻകൂർ ജാമ്യത്തിനു നടി ലീന മരിയാ പോൾ നിയമോപദേശം തേടിയതായി സൂചനയുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നു ഭീഷണിയുള്ളതായി ലീന നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. സംഭവത്തിൽ മുംബൈ അധോലോകത്തിനു ബന്ധമുണ്ടോയെന്ന് അറിയാൻ ലീനയുടെ മൊഴികൾ പ്രധാനമാണ്. അധോലോകത്തിന്റെ പുകമറയുണ്ടാക്കി പണം തട്ടാൻ പ്രാദേശിക ഗുണ്ടകൾ നടത്തുന്ന ശ്രമമാകാനും സാധ്യതയുണ്ട്.