Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈസ് സംഘടനാ നേതാവിനെതിരായ വിജിലൻസ് കേസ് എഴുതിത്തള്ളാൻ നീക്കം

തിരുവനന്തപുരം∙ എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനെതിരായ വിജിലൻസ് കേസ് എഴുതിത്തള്ളാൻ നീക്കം. ഷാപ്പ് ഉടമയുമായി ചേർന്നു കള്ളിന്റെ രാസപരിശോധനാ റിപ്പോർട്ടിൽ തിരിമറി നടത്തിയെന്ന കേസാണ് ഉന്നതതല സമ്മർദത്തെത്തുടർന്നു തെളിവില്ലെന്ന പേരിൽ അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനം. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ഈ സംഘടന. ആരോപണവിധേനായ ഉദ്യോഗസ്ഥനെ ഈ സർക്കാൻ വന്ന ശേഷം മൂന്നു സുപ്രധാന തസ്തികളിലാണു നിയമിച്ചത്.

2010 ൽ കായംകുളം റേഞ്ചിലെ ഷാപ്പിൽ നടത്തിയ പരിശോധനയിൽ മായം കലർന്ന കള്ള് കണ്ടെത്തിയിരുന്നു. വിശദ പരിശോധനയ്ക്കു സാംപിൾ കെമിക്കൽ ലാബിലേക്ക് അയച്ചു. പരിശോധനയിൽ കള്ളിൽ 8.55% ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് എക്സൈസ് കായംകുളം റേഞ്ച് ഓഫിസിൽ നിന്നു പിന്നീട് അപ്രത്യക്ഷമായി. എന്നാൽ ബന്ധപ്പെട്ട റജിസ്റ്ററിൽ ഇതു കൈപ്പറ്റിയതായി രേഖപ്പെടുത്തിയിരുന്നു.

2012 നവംബറിൽ അഡീഷനൽ എക്സൈസ് കമ്മിഷണർ ഈ ഓഫിസിൽ പരിശോധന നടത്തിയപ്പോൾ ലൈസൻസ് ഉടമയ്ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും കെമിക്കൽ സർട്ടിഫിക്കറ്റ് കാണാനില്ലെന്നും വ്യക്തമായി. തുടർന്ന് അപ്പോൾ അവിടെ ചുമതലയുണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർക്കെതിരെ നടപടിക്കു ശുപാർശ ചെയ്തു. അതിനിടെ കെമിക്കൽ ലാബിൽ നിന്നു ഡ്യൂപ്ലിക്കറ്റ്‌ എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് എക്സൈസ് ഉദ്യോഗസ്ഥർ സംഘടിപ്പിച്ചു. അതിൽ ഈഥൈൽ ആൽക്കഹോളിന്റെ അളവ് 1.55% മാത്രമായിരുന്നു.

വിഷയം അഡീഷനൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തതോടെ അന്നത്തെ എക്സൈസ് കമ്മിഷണർ എക്സൈസിലെ വിജിലൻസ് ഓഫിസറെക്കൊണ്ട് അന്വേഷിപ്പിച്ചു. എന്നാൽ ആരോപണവിധേയരെ വെള്ളപൂശിയുള്ള റിപ്പോർട്ടാണ് ഇദ്ദേഹം നൽകിയത്. ഈഥൈൽ ആൽക്കഹോളിന്റെ അളവു കൂടുതലെന്ന് ആദ്യ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയതു ലാബിലെ കുഴപ്പം കൊണ്ടാകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. ‍

ഈ റിപ്പോർട്ടിൽ സംശയം തോന്നിയ എക്സൈസ് കമ്മിഷണർ സംസ്ഥാന വിജിലൻസിനെക്കൊണ്ട് അന്വേഷണം നടത്താൻ ശുപാർശ ചെയ്തു. 2016 ൽ ആലപ്പുഴ വിജിലൻസ് യൂണിറ്റ് രണ്ട് എക്സൈസ് ഇൻസ്പെക്ടർമാരെ പ്രതിയാക്കി കേസെടുത്തു. അസോസിയേഷൻ നേതാവായിരുന്നു ഷാപ്പിൽ പരിശോധന നടത്തിയ സമയത്തെ ഇൻസ്പെക്ടർ. ഇദ്ദേഹത്തെയും രണ്ടു വർഷം കഴിഞ്ഞ് അഡീഷനൽ എക്സൈസ് കമ്മിഷണർ പരിശോധന നടത്തിയപ്പോൾ ഉണ്ടായിരുന്ന ഇൻസ്പെക്ടറെയുമാണു പ്രതി ചേർത്തത്.

ഈ കേസ് നിലനിൽക്കെ ഈ സർക്കാർ വന്നപ്പോൾ നേതാവിന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകി. ആദ്യം എക്സൈസ് കമ്മിഷണർ ഓഫിസിൽ അബ്കാരി സെക്ഷനിൽ നിയമനം. അതിനു ശേഷം എറണാകുളം ഡിവിഷൻ ഓഫിസിലേക്ക്. ബാറുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ലയാണിത്. കഴിഞ്ഞ ദിവസമിറക്കിയ പുതിയ ഉത്തരവിൽ ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മിഷണറുടെ ഓഫിസിലെ പ്രധാന കസേരയിൽ വീണ്ടും നിയമനം. അതിനിടെയാണു കേസ് അവസാനിപ്പിക്കാൻ വിജിലൻസിനു മേൽ ഉന്നത സമ്മർദവും.  

related stories