തിരുവനന്തപുരം∙ പ്രതിപക്ഷം ശക്തമായി എതിർക്കുമ്പോൾ തന്നെ വനിതാ മതിൽ വൻ വിജയമാക്കി മാറ്റാൻ മന്ത്രിസഭാ തീരുമാനം.‘വർഗീയ മതിലെ’ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ നിർദേശിച്ചു. ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നു യോഗം വിലയിരുത്തി.
കണ്ണൂരിൽ അഞ്ചു ലക്ഷം പേരെയും മതിലിന് ഏറ്റവും നീളമുണ്ടാകുന്ന ആലപ്പുഴയിൽ നാലു ലക്ഷം പേരെയും പങ്കെടുപ്പിക്കും. മറ്റ്് ഏഴു ജില്ലകളിൽ 3– 3.25 ലക്ഷം പേരെ വീതം പങ്കെടുപ്പിക്കും. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളിൽ മതിൽ ഇല്ല. ഈ ജില്ലകളിൽ നിന്നുള്ള 45,000 മുതൽ 55,000 വരെ വനിതകളെ മറ്റു ജില്ലകളിൽ വിന്യസിക്കും. വനിതാ മതിൽ കാണാൻ ലക്ഷക്കണക്കിനു പുരുഷന്മാരും എത്തുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.
ഓരോ ജില്ലയിലെയും തയാറെടുപ്പുകൾ ചുമതലയുള്ള മന്ത്രിമാർ വിശദീകരിച്ചു. ദേശീയപാത ഏറ്റവും കൂടുതൽ കടന്നു പോകുന്ന ആലപ്പുഴയിൽ 78 കിലോമീറ്ററാണു മതിൽ ഒരുക്കേണ്ടത്. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കിനുമാണ് അവിടെ ചുമതല. ജനുവരി ഒന്നിന് 3.30 ന് വനിതാ മതിലിന്റെ ട്രയൽ റൺ നടക്കും. നാലിനു മതിൽ ഒരുക്കും. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പ്രമുഖർ പങ്കെടുക്കും. ഓരോ ജില്ലയിലും 30 പൊതു സമ്മേളനങ്ങളെങ്കിലും സംഘടിപ്പിക്കാനാണു തീരുമാനം. മന്ത്രിമാർ ഉൾപ്പെടെ വനിതാ മതിലിൽ അണിനിരക്കും. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. അജൻഡയ്ക്കു പുറത്തുള്ള ഇനമായാണ് ഇക്കാര്യം മന്ത്രിസഭ വിശദമായി ചർച്ച ചെയ്തത്.
കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, ലൈബ്രറി കൗൺസിലിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികൾ തുടങ്ങിയവരെയും മതിലിന്റെ ഭാഗമാക്കും. വാർഡ് തലത്തിൽ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ വിവിധ കേന്ദ്രങ്ങളിലെത്തി പങ്കെടുക്കണം. വനിതാ ശാക്തീകരണത്തിനു സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിൽ മാറ്റിവച്ച തുക ഉപയോഗിച്ചു നോട്ടിസും പോസ്റ്ററുകളും അച്ചടിക്കുന്നതിൽ തെറ്റില്ലെന്നും യോഗം വിലയിരുത്തി.
വിവിധ സമുദായ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാരവാഹികളായ കോൺഗ്രസ്, മുസ്‍ലിം ലീഗ് നേതാക്കളും മതിലിന്റെ ഭാഗമാകുമെന്നു മന്ത്രിമാർ പറഞ്ഞു. എല്ലാ മതത്തിലും പെട്ട വനിതകൾ അണിനിരക്കുന്ന മതിലിനു വരുംദിവസങ്ങളിൽ കൂടുതൽ സമുദായങ്ങൾ പിന്തുണ നൽകുമെന്നു യോഗം വിലയിരുത്തി.