ന്യൂഡൽഹി ∙ ശബരിമല തീർഥാടനത്തിനെത്തിയ തന്നോട് ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോക്സഭയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടിസ്.
തീർഥാടനത്തിനിടെ, നിലയ്ക്കൽ വച്ച് സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിനെക്കുറിച്ച് ആരാഞ്ഞ തന്നോട് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകുമോ എന്ന് യതീഷ് ചന്ദ്ര തിരിച്ചു ചോദിച്ചതായി മന്ത്രി പറഞ്ഞു. തനിക്കുണ്ടായ അനുഭവം മന്ത്രി സഭയിൽ വിവരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയോടുള്ള അനാദരവായി ഇതിനെ കണക്കാക്കുന്നു. 40 വർഷത്തോളമായി ശബരിമല തീർഥാടനം നടത്തുന്നു. ഇത്തവണ തീർഥാടകരുടെ ബുദ്ധിമുട്ടും വേദനയും തനിക്കു നേരിൽ ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ നോട്ടിസ്, സ്പീക്കർ സുമിത്ര മഹാജനാണ് അവകാശ സംരക്ഷണ സമിതിക്കു കൈമാറേണ്ടത്. ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തേണ്ട തീയതി സമിതി തീരുമാനിക്കും. സുപ്രീം കോടതി അഭിഭാഷക കൂടിയായ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു സമിതി അധ്യക്ഷ. കഴിഞ്ഞ മാസം 21ന് തീർഥാടനത്തിന് എത്തിയ കേന്ദ്രമന്ത്രി, നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തു വച്ചാണു യാത്രാ നിയന്ത്രണത്തെക്കുറിച്ച് എസ്പിയോടു ചോദിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയും സംഘവും ബസിലാണു പമ്പയിലേക്കു പോയത്.