കൊച്ചി ∙ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണിലെ വെടിവയ്പു നാടകം കൊഴുപ്പിച്ച് അധോലോക ക്രിമിനൽ ‘രവി പൂജാരി’യുടെ രംഗപ്രവേശം. പലരെയും കബളിപ്പിച്ചു ലീന സ്വന്തമാക്കിയ പണത്തിൽനിന്ന് 25 കോടി രൂപ നൽകിയില്ലെങ്കിൽ ലീനയുടെ കൂട്ടാളി കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പും. സ്വകാര്യ വാർത്താചാനലിന്റെ നമ്പറിലേക്കാണു രവി പൂജാരിയെന്ന് അവകാശപ്പെട്ടയാൾ വിദേശത്തുനിന്നു വിളിച്ചു ഭീഷണി അറിയിച്ചത്.
‘‘വെടിവയ്പു നടത്തിയത് എന്റെ ആൾക്കാർ തന്നെയാണ്. അവർ(ലീന) കബളിപ്പിച്ചു സ്വന്തമാക്കിയ പണം തിരികെ വാങ്ങുകയാണു ലക്ഷ്യം. അതിനു വഴങ്ങിയില്ലെങ്കിൽ ലീനയ്ക്ക് ഒന്നും സംഭവിക്കില്ല പക്ഷേ, അവരുടെ പിന്നിൽ പ്രവർത്തിക്കുന്നയാളെ കൊല്ലും’’– ഇങ്ങനെയാണ് ഫോണിലെ ഭീഷണി. എന്നാൽ, ആരാണു ലീനയുടെ കൂട്ടാളിയെന്നു വ്യക്തമാക്കാൻ ഭീഷണിക്കാരൻ തയാറായില്ല.
വെടിവയ്പു നാടകത്തിനു മുൻപ് ഇയാളുടെ ഫോൺ ലീനയ്ക്കും ലഭിച്ചിരുന്നു. ചാനലിലേക്കു വിളിച്ചതും ഇയാൾ തന്നെയാണെന്നു ശബ്ദത്തിൽനിന്നു വ്യക്തമാണ്. ഇന്റർനെറ്റ് ഉപയോഗിച്ചാണ് ഫോൺ വിളികൾ. എന്നാൽ, യഥാർഥ രവി പൂജാരിയാണു വിളിച്ചതെന്നതിനു പൊലീസിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. പണം ചോദിച്ചു വിളിക്കുന്നത് ആരായാലും ഇയാൾക്കു കൊച്ചിയിൽനിന്നു സഹായം ലഭിക്കുന്നുണ്ട്. ലീനയുടെ കേരളത്തിലെ ഫോൺ നമ്പറുകൾ, കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി സലൂൺ എന്നിവ കണ്ടെത്താനും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കൊച്ചിയിൽ ആളുണ്ടെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.
വഴിവിട്ട സാമ്പത്തിക ഇടപാടുകളാണു പ്രശ്നങ്ങൾക്കു വഴിയൊരുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. ലീനയോടു ശത്രുതയുള്ളവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാൽ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലീന പൊലീസിനോടു വെളിപ്പെടുത്താത്തത് അന്വേഷണത്തിനു തടസ്സമാവുന്നുണ്ട് ലീനയുടെ അടുത്ത കൂട്ടുകാരൻ സുകാഷ് ചന്ദ്രശേഖർ സാമ്പത്തിക വഞ്ചനക്കുറ്റത്തിനു ജയിലിലാണ്. ഇയാളുടെ സ്വത്തുക്കൾ ലീനയുടെ കൈവശമാണെന്ന ധാരണയാണു വഞ്ചിതരായവർക്കുള്ളത്. ഭീഷണിക്ക് ഇതൊരു കാരണമാവാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു.
ലീനയുടെ ‘നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടി സലൂണിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ പല ഉന്നതരുമായും ഇവർക്കുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. സിനിമാ നിർമ്മാണ മേഖലയിലുള്ള ചിലർക്ക് ഇവർ പണം പലിശയ്ക്കു നൽകിയിരുന്നതായും സൂചനയുണ്ട്.
പൊലീസ് അന്വേഷിക്കുന്ന സാധ്യതകൾ
∙ ഭീഷണിപ്പെടുത്തി ലീനയുടെ പക്കലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കൊച്ചിയിലെ പ്രാദേശിക ക്രിമിനൽ സംഘം.
∙ ലീനയുടെ കൂട്ടാളി സുകാഷിന്റെ വഞ്ചനയിൽ പണം നഷ്ടപ്പെട്ട ആരോ നടത്തുന്ന നീക്കം.
∙ നെയിൽ ആർട്ടിസ്ട്രിയടക്കം ലീനയുടെ കൊച്ചിയിലെ ബിസിനസ് സംരംഭങ്ങളിൽ പണം മുടക്കിയ പങ്കാളികളിൽ ആരോ നടത്തുന്ന നീക്കം.
∙ മുംബൈ അധോലോകത്തു മുൻപു ശക്തനായിരുന്ന രവി പൂജാരിതന്നെ പണം തട്ടാൻ നടത്തുന്ന ഭീഷണി.
∙ ബിസിനസ് പങ്കാളികളെ ഭയപ്പെടുത്തി അകറ്റി നിർത്താൻ ലീനതന്നെ പദ്ധതിയിട്ടു കളിപ്പിച്ച നാടകം
∙ താൻ ജയിലിലായതോടെ അകലാൻ ശ്രമിച്ച ലീനയെ വരുതിയിൽ നിർത്താൻ സുകാഷ് ചന്ദ്രശേഖർ നൽകിയ ക്വട്ടേഷൻ.
∙ കടവന്ത്രയിലെ കണ്ണായ സ്ഥലത്തെ കെട്ടിടം ലക്ഷ്യമിട്ട്, അവിടെനിന്നു ലീനയുടെ നെയിൽ ആർട്ടിസ്ട്രി ഒഴിപ്പിക്കാൻ നടത്തുന്ന നീക്കം.